പരീക്ഷാ കാലത്തിന് തുടക്കം: സി.ബി.എസ്.ഇ പ്ളസ്ടുവില്‍ ആദ്യ ദിവസം എളുപ്പം 

മനാമ: ഇന്ത്യക്കൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും സി.ബി.എസ്.ഇ  പൊതുപരീക്ഷകള്‍ക്ക് തുടക്കമായി. സി.ബി.എസ്.ഇയുടെ 12ാം ക്ളാസ് പരീക്ഷയോടെയാണ് 2015- 16ലെ പൊതു പരീക്ഷകള്‍ തുടങ്ങിയത്. ഇന്നു മുതല്‍ സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷകള്‍ ആരംഭിക്കും. 
കേരള സിലബസില്‍ പത്ത്, 12 ക്ളാസുകളില്‍ പഠിക്കുന്നവരുടെ പൊതു പരീക്ഷകള്‍ ആരംഭിക്കുന്നത് മാര്‍ച്ച് ഒമ്പത് മുതലാണ്. 
ഏതാനും ആഴ്ചകളായി ഗള്‍ഫിലെ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പരീക്ഷാ ചൂടിലാണ്. ചൊവ്വാഴ്ച ഇംഗ്ളീഷോടെയാണ് സി.ബി.എസ്.ഇ 12ാം ക്ളാസ് പരീക്ഷകള്‍ക്ക് തുടക്കമായത്. ആദ്യ ദിവസത്തെ പരീക്ഷ കാര്യമായ പ്രയാസം സൃഷ്ടിച്ചില്ളെന്ന് വിദ്യാര്‍ഥികളും അധ്യാപകരും ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
ഇംഗ്ളീഷിലെ പൊതുവായ ചോദ്യങ്ങളെല്ലാം എല്ലാ കുട്ടികള്‍ക്കും എളുപ്പമായിരുന്നു. അതേസമയം, ഇംഗ്ളീഷ് സാഹിത്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചില വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിച്ചു. സി.ബി.എസ്.ഇ പത്താം ക്ളാസുകാര്‍ക്ക് ബുധനാഴ്ച സയന്‍സ് പരീക്ഷയാണ് നടക്കുന്നത്.
ഈ വര്‍ഷം മൊത്തം ജി.സി.സി രാജ്യങ്ങളിലായി 14637 കുട്ടികളാണ് സി.ബി.എസ്.ഇ 12ാം ക്ളാസ് പരീക്ഷയെഴുതുന്നത്. ഇതില്‍ 8000ത്തിലധികം കുട്ടികള്‍ യു.എ.ഇയില്‍ നിന്നുള്ളവരാണ്. ബുധനാഴ്ച ആരംഭിക്കുന്ന പത്താം ക്ളാസ് പരീക്ഷക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 18494 കുട്ടികള്‍ ഹാജരാകുന്നുണ്ട്. സി.ബി.എസ്.ഇ 12ാം ക്ളാസ് പരീക്ഷകള്‍ മാര്‍ച്ച് 24നാണ് അവസാനിക്കുക. മാര്‍ച്ച് രണ്ട് മുതല്‍ 28 വരെയാണ് പത്താം ക്ളാസ് പരീക്ഷകള്‍ നടക്കുക. 
മേയ്, ജൂണ്‍ മാസങ്ങളിലായിരിക്കും ഫലപ്രഖ്യാപനമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.