കേരളീയ സമാജം തെരഞ്ഞെടുപ്പ് : രാധാകൃഷ്ണപിള്ള പാനല്‍ തൂത്തുവാരി

മനാമ: ബഹ്റൈന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരളീയ സമാജത്തിലെ തെരഞ്ഞെടുപ്പില്‍ പി.വി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള യുനൈറ്റഡ് പാനല്‍ സമ്പൂര്‍ണ വിജയം നേടി. എന്‍.കെ.വീരമണിയാണ് ജന.സെക്രട്ടറി. പാനലിലെ മറ്റുള്ളവര്‍: ഫ്രാന്‍സിസ് കൈതാരത്ത് (വൈസ്.പ്രസിഡന്‍റ്), സിറാജ് കൊട്ടാരക്കര (അസി.സെക്രട്ടറി), ദേവദാസ് കുന്നത്ത് (ട്രഷറര്‍), മനോഹരന്‍ പാവറട്ടി (കലാവിഭാഗം സെക്രട്ടറി), സുധി പുത്തന്‍വേലിക്കര (സാഹിത്യവിഭാഗം സെക്രട്ടറി), രാകേഷ് രാജപ്പന്‍ (മെമ്പര്‍ഷിപ്പ് സെക്രട്ടറി), വിനയചന്ദ്രന്‍ (ലൈബ്രേറിയന്‍), മനോജ് കുമാര്‍ (ഇന്‍േറണല്‍ ഓഡിറ്റര്‍).  കെ.ജനാര്‍ദ്ദനന്‍െറ നേതൃത്വത്തിലുള്ള എതിര്‍പാനലിലെ ആരും വിജയിച്ചില്ല. പി.വി.രാധാകൃഷ്ണപിള്ളക്ക് 772 വോട്ടും കെ.ജനാര്‍ദ്ദനന് 408 വോട്ടുമാണ് ലഭിച്ചത്. 
68ാമത് വാര്‍ഷിക ജനറല്‍ അസംബ്ളി ഇന്നലെ കാലത്ത് ഒമ്പതര മണിക്ക് ആരംഭിക്കുമെന്നാണ് കരുതിയതെങ്കിലും 11മണിക്കാണ് തുടങ്ങിയത്. 2015ലെ മിനുട്സ് അംഗീകരിക്കലായിരുന്നു ആദ്യ അജണ്ട. പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, സെക്രട്ടറി ആര്‍.പവിത്രന്‍, ട്രഷറര്‍ ദേവദാസ് കുന്നത്ത് എന്നിവര്‍ ജനറല്‍ ബോഡി നിയന്ത്രിച്ചു. മിനുട്സ് അംഗീകരിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്, ഓഡിറ്റ് റിപ്പോര്‍ട്ട്, ഓഡിറ്റര്‍ നിയമനം, ചാരിറ്റി കമ്മിറ്റി തെരഞ്ഞെടുപ്പ് എന്നിവ നടന്നു. ചാരിറ്റി കമ്മിറ്റി അംഗങ്ങളെ ജനറല്‍ ബോഡി നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. അഡ്വ.ജോയ് വെട്ടിയാടന്‍, കെ.സതീന്ദ്രന്‍, ഒ.എം.അനില്‍കുമാര്‍ എന്നിവരെ ചാരിറ്റി കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. 
കാലത്ത് 11 മണിക്ക് തുടങ്ങിയ തെരഞ്ഞെടുപ്പ് വൈകീട്ട് ഏഴു മണിക്കാണ് അവസാനിച്ചത്. 1226 പേര്‍ എലിജിബിലിറ്റി സ്ലിപ് എടുത്തിരുന്നെങ്കിലും 1192 പേരാണ് വോട്ടുചെയ്തത്. കാലത്തു മുതല്‍ സമാജത്തില്‍ ആവേശകരമായ അന്തരീക്ഷമായിരുന്നു. സ്വന്തം പാനലിന്‍െറ പേരുള്ള ടീ ഷര്‍ട്ടും തൊപ്പിയുമണിഞ്ഞാണ് പലരും എത്തിയത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. 
ദീര്‍ഘനാളത്തെ ഭരണപരിചയവും നേതൃത്വശേഷിയും അവകാശപ്പെടാവുന്ന വ്യക്തിയാണ് പി.വി.രാധാകൃഷ്ണപിള്ള. സമാജത്തില്‍ മൂന്ന് തവണ പ്രസിഡന്‍റും ഒരു തവണ ജന.സെക്രട്ടറിയുമായിരുന്നു. സമാജത്തിന്‍െറ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അദ്ദേഹമാണ്. മാവേലിക്കര സ്വദേശിയായ രാധാകൃഷ്ണ പിള്ള മന്ത്രാലയത്തില്‍ എഞ്ചിനിയറാണ്. നേരത്തെ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ആയിരുന്നു. സെക്രട്ടിയായി തെരഞ്ഞെടുക്കപ്പെട്ട എന്‍.കെ.വീരമണി ബഹ്റൈന്‍ ‘പ്രതിഭ’യുടെ സമുന്നത നേതാവാണ്. നേരത്തെ സമാജം ജന.സെക്രട്ടറിയും ട്രഷററും ലൈബ്രേറിയനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പഠന കാലത്ത് എസ്.എഫ്.ഐ നേതാവും യൂനിവേഴ്സിറ്റി യൂനിയന്‍ ഭാരവാഹിയുമായിരുന്നു. തൃശൂര്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി സമാജത്തിന്‍െറ ഗതി നിര്‍ണയിച്ച യുനൈറ്റഡ് പാനല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യോജിപ്പിലത്തൊനാകാതെ നെടുകെ പിളര്‍ന്നതോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഉറപ്പായത്. പി.വി.രാധാകൃഷ്ണപിള്ള പ്രസിഡന്‍റും എന്‍.കെ.വീരമണി ജന. സെക്രട്ടറിയുമായുള്ള ഒരു പാനലും, കെ.ജനാര്‍ദ്ദനന്‍ പ്രസിഡന്‍റും ഷാജി കാര്‍ത്തികേയന്‍ ജന.സെക്രട്ടറിയുമായുള്ള മറ്റൊരു പാനലും തമ്മിലാണ് മത്സരം നടന്നത്. ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി സ്ഥാനത്തുള്ള നൗഷാദിന് എതിരില്ല. തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ, ബഹ്റൈനിലെ വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകള്‍ ഇരുപാനലിനും പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തുവന്നു.  കാലങ്ങളായി ഇരുപക്ഷങ്ങളിലായി നിലയുറപ്പിച്ച ഗ്രൂപ്പുകള്‍ ഇത്തവണ നിലപാട് മാറ്റുകയും ചെയ്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരുപക്ഷവും വലിയ വാഗ്ധാനങ്ങളുമായാണ് മാനിഫെസ്റ്റോ പുറത്തിറക്കിയത്. വിജയിച്ചാല്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയെന്നതാണ് ഇത്തവണത്തെ പ്രധാന അജണ്ടയെന്ന് രാധാകൃഷ്ണപിള്ള വ്യക്തമാക്കിയിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.