ഇന്ത്യന്‍ സ്കൂള്‍: നൂറുമേനി കൊയ്യാന്‍ കുട്ടികളെ  ബലിയാടാക്കിയെന്ന് യു.പി.പി

മനാമ: ഇന്ത്യന്‍ സ്കൂളില്‍ പ്ളസ് ടുവിന് ഉന്നത വിജയം നേടിയ മുഴുവന്‍ കുട്ടികളെയും അതിന് വഴിയൊരുക്കിയ അധ്യാപകരെയും  രക്ഷിതാക്കളെയും യു.പി.പി. അഭിനന്ദനം അറിയിച്ചു. 
ആറുവര്‍ഷത്തിനുള്ളിലെ ഏറ്റവും മികച്ച വിജയശതമാനം ഇത്തവണത്തേതാണെന്ന സ്കൂള്‍ ഭരണസമിതിയുടെ  പ്രസ്താവന ശരിയല്ളെന്നും 2010ല്‍ 98.10 ശതമാനവും, 2011ല്‍ 99.49 ശതമാനവും 2012 ല്‍ 98.64 ശതമാനവുമാണ് വിജയമെന്നും അവര്‍ പറഞ്ഞു. 
പുതിയ അസത്യ പ്രസ്താവനകളുടെ ഉത്തരവാദിത്തം പ്രിന്‍സിപ്പലിനാണോ ഭരണസമിതിക്കാണോ എന്ന കാര്യം ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും യി.പി.പി ആവശ്യപ്പെട്ടു.
ഇത്തരം പ്രസ്താവനകള്‍ ഭരണ സമിതിയുടെ  രാഷ്ട്രീയ കളിയുടെ ഭാഗമാണ്. നൂറുമേനി കൊയ്യാമെന്ന വ്യാജേന കുറേയധികം കുട്ടികളെ   പരീക്ഷക്കിരുത്താതെ മാറ്റി നിര്‍ത്തുകയാണുണ്ടായത്.  വളരെ മുമ്പു തന്നെ പത്രങ്ങളിലൂടെ യുപി.പി. ഇക്കാര്യം പറഞ്ഞിരുന്നു.   യു.പി.പി ഭരണകാലത്ത് എല്ലാ വര്‍ഷവും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന  കുട്ടികള്‍ക്കും  രക്ഷിതാക്കള്‍ക്കും പ്രത്യേക ബോധവത്കരണവും നിര്‍ദ്ദേശങ്ങളും നല്‍കിയ ശേഷം അവരെയും പരീക്ഷക്കിരുത്തുമായിരുന്നു. 
ഒരു മാറ്റിനിര്‍ത്തലുമില്ലാതെ മുഴുവന്‍ കുട്ടികളെയും പരീക്ഷക്കിരുത്തിയ 2013ല്‍ 96.2 ശതമാനവും 2014ല്‍ 97.8 ശതമാനവും വിജയ ശതമാനം നേടിയിട്ടുണ്ട്. 
ഭരണ നേട്ടം പൊലിപ്പിച്ചു കാണിക്കാന്‍ 30ല്‍പരം പാവപ്പെട്ട കുട്ടികളെ  11ാം ക്ളാസില്‍ നിന്നും പ്രമോഷന്‍ നല്‍കാതെ പിടിച്ചിരുത്തിയപ്പോള്‍ സ്കൂള്‍ അധികൃതര്‍  രക്ഷിതാക്കളുടെ പ്രയാസങ്ങള്‍ ഓര്‍ക്കാതെ പോയത് വലിയ ദ്രോഹമായി. 
 സാധാരണക്കാരായ രക്ഷിതാക്കളാണ് ഈ പ്രവാസ ഭൂമിയിലേറെ പേരുമെന്ന യാഥാര്‍ഥ്യം ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. 
12ാം ക്ളാസിലെ കുട്ടികളില്‍ ചിലരെ മോഡല്‍ ടെസ്റ്റിന്‍െറ അടിസ്ഥാനത്തില്‍ പരീക്ഷയെഴുതാതെ മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. 
അവരെ രക്ഷിതാക്കളുടെ നിര്‍ബന്ധപ്രകാരമാണ് പരീക്ഷക്കിരുത്തിയത്. അവര്‍ നല്ല മാര്‍ക്കോടെ പാസായത് സ്കൂള്‍ ഭരണാധികാരികള്‍ക്ക് തിരിച്ചടിയാണ്. ഭരണസമിതി ഇനിയെങ്കിലും ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്ന് യു.പി.പി ആവശ്യപ്പെട്ടു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.