റമദാന്‍: വിവിധ പരിപാടികളുമായി സുന്നി ഒൗഖാഫ്

മനാമ: റമദാന് മുന്നോടിയായി വിവിധ പരിപാടികള്‍ ആവിഷ്കരിച്ചതായി സുന്നി വഖ്ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫിത്തീസ് അല്‍ഹാജിരി വ്യക്തമാക്കി. വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രഭാഷണങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. റമദാനില്‍ നമസ്കാരത്തിനായി കൂടുതല്‍ പേര്‍ എത്തുമെന്നതിനാല്‍ പള്ളികളില്‍ കൂടുതല്‍ സൗകര്യമൊരുക്കും. റമദാന്‍െറ പ്രാധാന്യത്തെക്കുറിച്ചും സല്‍കര്‍മങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് പണ്ഡിതരുടെ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും. ശൈഖ മൗസ ബിന്‍ത് ഹമദ് ആല്‍ലഖീഫ പള്ളിയില്‍ റമദാനുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങള്‍ വിശദമാക്കുന്ന ക്ളാസുകള്‍ സംഘടിപ്പിക്കുകയും ഇത് ബഹ്റൈന്‍ റേഡിയോ സംപ്രേക്ഷണം നടത്തുകയൂം ചെയ്യും. മുഹറഖ് ഹമദ് അലി കാനൂ മസ്ജിദിലും പ്രഭാഷണ പരിപാടി ഒരുക്കും. വിവിധ പള്ളികളിലെ ഇമാമുമാര്‍ക്കായി ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ റമദാന്‍െറ കര്‍മശാസ്ത്ര വശങ്ങളെക്കുറിച്ച് വിശദമാക്കുന്ന 10,000 ത്തോളം പ്രഭാഷണ സി.ഡികളും വിതരണം ചെയ്യും. വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് 250 ഓളം പണ്ഡിതന്മാര്‍ പ്രഭാഷണം നടത്തും. ഇത് അസ്ര്‍ നമസ്കാരത്തിനും തറാവീഹ് നമസ്കാരത്തിനും ശേഷമായിരിക്കും നടക്കുക. ബഹ്റൈന് പുറത്തുനിന്നുള്ള പണ്ഡിതന്‍മാരെയും ഇതിനായി കൊണ്ടുവരുന്നുണ്ട്. രാജ്യത്തെ പ്രമുഖ പണ്ഡിതന്മാരെ ഉള്‍പ്പെടുത്തി പൊതുജനങ്ങളുടെ സംശയ നിവാരണത്തിന് രാവിലെയും വൈകുന്നേരവും സൗകര്യമൊരുക്കും. ഇതിനായി പ്രത്യേക ടെലിഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തും.പ്രാദേശിക മജ്ലിസുകള്‍ സന്ദര്‍ശിക്കുന്നതിന് പണ്ഡിതരെയും വിദ്യാര്‍ഥികളെയും തെരഞ്ഞെടുക്കും. ജനങ്ങളില്‍ മതകാര്യങ്ങളെക്കുറിച്ച് അവബോധം ശക്തിപ്പെടുത്താന്‍ ഇത്തരം മജ്ലിസുകള്‍ ഉപയോഗപ്പെടുത്തും. ശൈഖ ഹിസ്സ ബിന്‍ത് സല്‍മാന്‍ ആല്‍ഖലീഫ മസ്ജിദ്, ശൈഖ മൗസ ബിന്‍ത് ഹമദ് ആല്‍ലഖീഫ മസ്ജിദ് എന്നിവിടങ്ങളില്‍ തറാവീഹ് നമസ്കാരത്തിനായി ജി.സി.സി രാഷ്ട്രങ്ങളില്‍ അറിയപ്പെടുന്ന ഖുര്‍ആന്‍ പാരായണ വിദഗ്ധരെ കൊണ്ടുവരുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അര്‍ഹരായ സ്വദേശി കുടുംബങ്ങളെ സഹായിക്കുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി. 500 ഓളം കുടുംബങ്ങള്‍ക്ക് റമദാന്‍ വിഭവങ്ങള്‍ എത്തിക്കുന്നതിന് സംവിധാനമൊരുക്കും. കൂടാതെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് തുണിത്തരങ്ങളും നല്‍കും.വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് വിദേശികള്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ നല്‍കുന്നതിന് പദ്ധതിയുണ്ട്. ‘ഇഫ്താര്‍ ഓണ്‍ റോഡ്’ പദ്ധതിയും തയാറാക്കിയിട്ടുണ്ട്്. വീടുകളില്‍ നോമ്പുതുറക്കാനായി എത്താന്‍ സാധിക്കാത്തവര്‍ക്ക് പ്രധാന നിരത്തുകളില്‍ ഇഫ്താര്‍ കിറ്റുകള്‍ നല്‍കുന്ന പരിപാടിയാണിത്. 
10 ലക്ഷം കുപ്പിവെള്ളം വിവിധ പള്ളികളില്‍ ലഭ്യമാക്കും. റമദാനെ വരവേല്‍ക്കുന്നതിന് രാജ്യത്തെ 480 പള്ളികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും റമദാനിലെ തിരക്ക് പരിഗണിച്ച് 26 പള്ളികളില്‍ അധികമായി വെള്ളിയാഴ്ച്ച ഖുതുബ അനുവദിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.