ഇന്ത്യന്‍ സ്കൂള്‍ : ‘ഭരണസമിതി എല്ലാരംഗങ്ങളിലും  നേട്ടമുണ്ടാക്കി’  

മനാമ: ‘ഇന്നവേറ്റേഴ്സ് പാനലി’ന്‍െറ നേതൃത്വത്തില്‍  ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കളുടെ യോഗം കലവറ റസ്റ്റോറന്‍റ് ഹാളില്‍ ചേര്‍ന്നു. പി.എം.വിപിന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ജി.കെ.നായര്‍ അധ്യക്ഷത വഹിച്ചു.
പി.പി.എയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഇന്ത്യന്‍ സകൂളിന്‍െറ ഭരണം ഏറ്റെടുത്ത ശേഷം അക്കാദമികവും ഭരണപരവുമായ എല്ലാ രംഗങ്ങളിലും മുന്നേറിയതായി സംസാരിച്ചവര്‍ പറഞ്ഞു. ഭരണം സുതാര്യവും, ജനാധിപത്യപരവും, അഴിമതിരഹിവുമാക്കി. സ്കൂള്‍ ബഹ്റൈനിലെ ഭാരതീയ സമൂഹത്തിന്‍െറ പൊതുസ്വത്താണ്. അതിനെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍  ശ്രമിക്കുന്നവര്‍ക്ക് പി.പി.എയിലോ ഇന്നവേറ്റേഴ്സ് പാനലിലോ സ്ഥാനമില്ളെന്ന് ആക്ടിങ് കണ്‍വീനര്‍ വിപിന്‍ വ്യക്തമാക്കി.  പ്രിന്‍സ് നടരാജന്‍െറ  നേതൃത്വത്തിലുള്ള ഈ കമ്മിറ്റിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അവരുടെ നിശബ്ദവും എന്നാല്‍ കാര്യക്ഷമവുമായ പ്രവര്‍ത്തനം മാതൃകാപരമാണ്. 
സത്യം ജയിക്കണമെന്ന് വിശ്വസിക്കുന്നവരാണ് ഈ കമ്മിറ്റിയെ പിന്തുണക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജി.കെ. നായര്‍ പറഞ്ഞു. സ്കൂളിനെ അനാവശ്യ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ അതില്‍നിന്ന് പിന്മാറണമെന്നും, എല്ലാ രക്ഷിതാക്കളും ജനറല്‍ ബോഡിയില്‍ പങ്കെടുക്കണമെന്നും ‘പയനിയേഴ്സ്’ പ്രസിഡന്‍റ് കെ .ജനാര്‍ദ്ദനന്‍ അഭ്യര്‍ഥിച്ചു.  അക്കാദമിക രംഗത്ത് ഇത്രയും പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു ഭരണസമിതി സ്കൂളിന്‍െറ സമീപകാല ചരിത്രത്തില്‍ ഉണ്ടായിട്ടില്ളെന്നും ഈ കമ്മിറ്റിക്കെതിരായ എല്ലാ ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നും ഷാജി കാര്‍ത്തികേയന്‍ പറഞ്ഞു. 
 അക്കാദമിക രംഗത്തും മറ്റും നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ വിശദീകരിച്ചു. അനാവശ്യമായ യാതൊരു തസ്തികയും സൃഷ്ടിച്ചിട്ടില്ല. മറിച്ചുള്ള  പ്രചാരണം തെറ്റാണ്. വൈസ് പ്രിന്‍സിപ്പല്‍മാരുടെയും റിഫ കാമ്പസ് പ്രിന്‍സിപ്പലിന്‍െറയും നിയമനം, സ്റ്റാഫിന്‍െറ ശമ്പള വര്‍ധന തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നത്. ഇത്രയും വലിയ സ്കൂളിന്‍െറ  പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താനാവശ്യമായ അധികാരശ്രേണി നടപ്പാക്കേണ്ടത് അനിവാര്യമാണ്. റിഫ കാമ്പസില്‍ പ്രിന്‍സിപ്പലിനെ നിയമിച്ചത് സര്‍ക്കാറിന്‍െറ നിര്‍ദ്ദേശ പ്രകാരമാണ്. ഒരു കാമ്പസിന് ഒരുപ്രിന്‍സിപ്പല്‍ എന്നതാണ് ഇവിടുത്തെ നയം. അത് നടപ്പാക്കാതെ മുന്നോട്ട് പോകാനാകില്ല.
ഈസടൗണ്‍ കാമ്പസില്‍ മുമ്പും രണ്ട് വൈസ് പ്രിന്‍സിപ്പല്‍മാര്‍ ഉണ്ടായിരുന്നു. റിഫ കാമ്പസിലാകട്ടെ, ഒരു ആക്ടിങ് പ്രിന്‍സിപ്പലും രണ്ട് അസി.വൈസ് പ്രിന്‍സിപ്പല്‍മാരും ഉണ്ടായിരുന്നു. ഇപ്പോള്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ററി, അഡ്മിനിസ്ട്രേഷന്‍ എന്നീ നിലകളില്‍ വൈസ് പ്രിന്‍സിപ്പല്‍മാര്‍ക്ക് ചുമതല നല്‍കി അക്കാദമിക കാര്യങ്ങള്‍ ക്രമീകരിക്കുകയാണ് ചെയ്തത്.  വിവിധ പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ജോലിസമയം കഴിഞ്ഞും കഠിനാധ്വാനം ചെയ്യുന്ന അധ്യാപകര്‍ക്ക് ന്യായമായ ശമ്പള വര്‍ധനവ് നല്‍കിയതിനെ വിമര്‍ശിച്ചത് ശരിയാണോ എന്ന്  മുന്‍ ചെയര്‍മാന്‍ പരിശോധിക്കണം. ഈ കമ്മിറ്റി തങ്ങള്‍ക്ക് ചുറ്റുമുള്ളവരെ  പ്രീണിപ്പിക്കുന്നതിനായി യാതൊരു തരത്തിലുള്ള പാര്‍ട്ടിയും നടത്തി ക്ളബ് സംസ്കാരം സ്കൂളില്‍ എത്തിച്ചിട്ടില്ളെന്നും പ്രിന്‍സ് നടരാജന്‍ പറഞ്ഞു. ഇപ്പോഴത്തെ കുടിശ്ശിക ഈ കമ്മിറ്റി അധികാരത്തില്‍ വന്നശേഷം മാത്രമുള്ളതല്ല. അത് മുന്‍ കാലങ്ങളിലെ തുക അടക്കമുള്ളതാണ്. ഫീസ് വര്‍ധനക്കുള്ള രഹസ്യഅജണ്ട ഈ എ.ജി.എമ്മിലുണ്ടെന്നത് വ്യാജപ്രചാരണമാണ്. അത്തരം ഒരു രഹസ്യപദ്ധതിയും നടപ്പാക്കില്ല. -പ്രിന്‍സ് നടരാജന്‍ കൂട്ടിച്ചേര്‍ത്തു.
വ്യാജ പ്രചാരണം നടത്തി സ്കൂളിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് നന്ദി പ്രകാശിപ്പിച്ച എം.ശശിധരന്‍ പറഞ്ഞു. ജനറല്‍ബോഡിയില്‍ എല്ലാ രക്ഷിതാക്കളും പങ്കെടുത്ത് നിലവിലുള്ള കമ്മിറ്റിക്ക് ശക്തി പകരണമെന്ന് വക്താക്കളായ സന്തോഷ് ബാബുവും, ഷാഫി പാറക്കട്ടയും അഭ്യര്‍ഥിച്ചു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT