ഹജ്ജ്: ഖാംനഇയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

മനാമ: ഹജ്ജുമായി ബന്ധപ്പെട്ട് ഇറാന്‍ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇയുടെ പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നു. ലോക മുസ്ലിംകള്‍ സമ്മേളിക്കുന്ന ഹജ്ജിനെ രാഷ്ട്രീയവത്കരിക്കാനും അറബ് മേഖലയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുമാണ് ഇറാന്‍ ശ്രമിക്കുന്നതെന്ന് ബഹ്റൈനിലെ ‘അല്‍ മിമ്പര്‍ അല്‍ ഇസ്ലാമി’ പ്രസ്താവിച്ചു. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് വിശുദ്ധഭൂമിയില്‍ ഹജ്ജിനും ഉംറക്കുമായി എത്തുന്നത്. ഇവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമാണ് സൗദി ഗവണ്‍മെന്‍റ് ഒരുക്കുന്നത്. ഇക്കാര്യത്തില്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ നേതൃത്വത്തിലുള്ള സേവനങ്ങള്‍ സ്തുത്യര്‍ഹവും മാതൃകാപരവുമാണ്. ഹാജിമാരുടെ സൗകര്യം പരിഗണിച്ച് സമയബന്ധിതമായി നിരവധി വിപുലീകരണപ്രവര്‍ത്തനങ്ങള്‍ മക്കയിലും മദീനയിലും നടത്തിവരുന്നുണ്ട്. തങ്ങളുടെ പൗരന്മാരെ ഈ വര്‍ഷം രാഷ്ട്രീയകാരണങ്ങളാല്‍ ഹജ്ജില്‍ നിന്നും തടഞ്ഞുകൊണ്ടുള്ള ഉത്തരവിന് ശേഷമാണ് ഖാംനഇ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തത്തെിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയും സൗദി അറേബ്യയിലെ ബഹ്റൈന്‍ അംബാസിഡര്‍ ശൈഖ് ഹുമൂദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫയും ശക്തമായി ഇറാനെതിരെ രംഗത്ത് വന്നിരുന്നു. ഇറാന്‍ ഹജ്ജിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം ഖതീബുമാരും രംഗത്ത് വരികയുണ്ടായി. തങ്ങളുടെ വെള്ളിയാഴ്ചത്തെ പ്രഭാഷണത്തിലാണ് അവര്‍ ഇറാനെതിരെ ശക്തമായ ഭാഷയില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഹജ്ജിനോടനുബന്ധിച്ച് ഒറ്റക്കെട്ടായി നില്‍ക്കുകയും ഇസ്ലാമിക ലോകത്തുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിനായി ശ്രമിക്കുകയുമാണ് ഇറാന്‍ ചെയ്യേണ്ടത്. മുസ്ലിംകള്‍ക്കിടയില്‍ ഛിദ്രതയും കുഴപ്പങ്ങളും ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നത് അപലപനീയമാണ്്. സിറിയ, ഇറാഖ്, യമന്‍, ലബനാന്‍ എന്നിവിടങ്ങളിലെ ഇടപെടലും ഇറാന്‍ നിര്‍ത്തിവെക്കണം. ഹജ്ജ് സംവിധാനം അന്താരാഷ്ട്രവത്കരിക്കണം എന്ന് ഖാംനഇ പറയുമ്പോള്‍ ആര്‍ക്ക് വേണ്ടിയാണ് ഇറാന്‍ സംസാരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തില്‍ ലോക ഇസ്ലാമിക സമൂഹവും രാഷ്ട്രങ്ങളും ഒറ്റക്കെട്ടായി സൗദി അറേബ്യക്ക് പിന്തുണ നല്‍കുമെന്നും ഇറാന്‍െറ പ്രസ്താവനകളേയും ശ്രമങ്ങളേയും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നും ഖതീബുമാരും രാജ്യത്തെ രാഷ്ട്രീയ- സാമൂഹിക മേഖലയിലെ പ്രമുഖരും അഭിപ്രായപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.