മനാമ: മുഹറഖിലെ കാബ്ള്‍ കാര്‍ പദ്ധതിക്ക് കൗണ്‍സില്‍ സ്വകാര്യ പങ്കാളിത്തം തേടുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണിലാണ് ഈ പദ്ധതി മുഹറഖ് കൗണ്‍സില്‍ അംഗീകരിച്ചത്. തുടര്‍ന്ന് പദ്ധതി സര്‍ക്കാറിനുമുമ്പാകെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, എണ്ണവിലയിലെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇത്തരം പദ്ധതികള്‍ക്കായുള്ള ഫണ്ടിങ് നടക്കാത്തതിനാലാണ് സ്വകാര്യ മേഖലയുടെ നിക്ഷേപം സ്വീകരിക്കുന്നത്. ഇതുവഴി മുന്‍സിപ്പാലിറ്റിയുടെയും ബാധ്യത കുറയുമെന്ന് മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സിനാന്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. രാജ്യത്തെ ആദ്യ കേബ്ള്‍ കാര്‍ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ നിരവധി കമ്പനികള്‍ താല്‍പര്യമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഹറഖിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന കേബ്ള്‍ കാര്‍ വഴി മേഖലയുടെ ആകാശത്തുനിന്നുള്ള ദൃശ്യം സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകും. അറാദ് കോട്ട, ബു മാഹിര്‍ കോട്ട, യുനെസ്കോയുടെ ലോക പൈതൃക കേന്ദ്ര പദവി ലഭിച്ച ‘പേള്‍ റൂട്ട് പ്രൊജക്റ്റ്’ തുടങ്ങിയവ കേബ്ള്‍ കാറിന്‍െറ സഞ്ചാര പഥത്തില്‍ ഉള്‍പ്പെടുത്തും. ഇത് മുഹറഖിലേക്കുള്ള ടൂറിസ്റ്റ് പ്രവാഹം കൂട്ടും. പദ്ധതിയെക്കുറിച്ച് വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നവര്‍ക്ക് സ്വകാര്യ സംരംഭമെന്ന നിലയില്‍ കേബ്ള്‍ കാര്‍ ലൈസന്‍സ് നല്‍കുന്നത് പരിഗണിക്കും. പഠനത്തിനായി ഒരു കമ്പനി വളരെയധികം പണം മുടക്കിയ ശേഷം മറ്റൊരാള്‍ക്ക് പദ്ധതി നടത്താന്‍ നല്‍കുന്നത് ശരിയായ നടപടിയല്ളെന്നതിനാല്‍ ടെണ്ടറിങ് ഒഴിവാക്കാനാകുമോ എന്ന കാര്യം പരിഗണിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.