മനാമ: ചുരുങ്ങിയ കാലയളവിൽ ഭൂരിപക്ഷം ജനങ്ങളുടെ അപ്രീതി നേടിയ സർക്കാറാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് ആർ.എസ്.പി. നേതാവും ലോകസഭാംഗവുമായ എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. കരുത്തനായ ഭരണാധികാരിയാകുമെന്ന ജനങ്ങളുടെ പ്രതീക്ഷ തകർത്ത് കേരളത്തിലെ ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ പരാജയമാണ്. ജിഷ വധക്കേസ്, സൗമ്യ കേസ് എന്നിവ കൈകാര്യം ചെയ്യുന്നതിലും സദാചാര ഗുണ്ടായിസം നേരിടുന്നതിലും ഗുരുതരമായ വീഴ്ചയാണുണ്ടായത്. ഭരണപരാജയത്തിെൻറ പ്രത്യക്ഷ ഉദാഹരണമാണ് ഡി.ജി.പി ടി.പി.സെന്‍കുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധിന്യായം. സുപ്രീംകോടതി വിധി മുഖ്യമന്ത്രി പിണറായി വിജയനിലുള്ള കോടതിയുടെ അതൃപ്തിയും അവിശ്വാസവും പ്രകടിപ്പിക്കുന്നതായിരുന്നു. ലോകനാഥ് ബഹ്‌റെയെ ഡി.ജി.പിയായി നിയമിച്ചതിലും രമണ്‍ ശ്രീവാസ്തവയെ ഉപദേഷ്ടാവാക്കിയതിലും സംശയങ്ങളും ദുരൂഹതകളുമുണ്ട്. മറ്റെന്തോ താല്‍പര്യം സംരക്ഷിക്കാനുള്ള കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയുടെ ഭാഗമാണ് ഈ രണ്ടു നിയമനങ്ങളുമെന്ന സംശയം ദൃഢീകരിക്കുന്നതാണ് അടുത്തകാലത്ത് കേരളത്തിലുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍. പൊലീസ് സേനയില്‍ അധികാരത്തര്‍ക്കം മൂർഛിക്കുകയാണ്.
ഭരണ നേതൃത്വത്തിന് പൊലീസിൽ നിയന്ത്രണം നഷ്ടമായി.കൊടിഞ്ഞി ഫൈസൽ വധക്കേസ് ഉള്‍പ്പടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ വേട്ടയാടപ്പെടുന്ന നിരവധി സംഭവങ്ങളില്‍ പോലീസിെൻറ നിസംഗത സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. സ്ത്രീപീഡനം, സ്വാശ്രയ പ്രശ്‌നം എന്നീ വിഷയങ്ങളില്‍ വേട്ടക്കാര്‍ക്കും മാനേജ്മെൻറുകള്ക്കുമൊപ്പം നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി മൂന്നാര്‍ ഭൂമി കയ്യേറ്റപ്രശ്‌നത്തില്‍ കയ്യേറ്റക്കാരെ പരസ്യമായി പിന്തുണക്കുന്ന നയമാണ് സ്വീകരിച്ചത്. വൻ ഉരുക്കുകുരിശ് സ്ഥാപിച്ച് 200 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ നിയമാനുസൃത നടപടി സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥരെ ശകാരിക്കുകയും ‘കുരിശ് എന്തു പിഴച്ചു’ എന്ന് ചോദിക്കുകയും ചെയ്തു. ഇൗ ചോദ്യം ഗുരുതരമായ സാമൂഹ്യപ്രത്യാഘാതങ്ങള്‍ക്കിടയാക്കും. മതചിഹ്നങ്ങളും മതാചാരങ്ങളും ദുരുപയോഗം ചെയ്ത് എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനം ചെയ്താലും സാധൂകരിക്കപ്പെടുമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്. ഈ നിലപാട് ഇടതുരാഷ്ട്രീയത്തിനാകെ അപമാനമാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. ഇടതുരാഷ്ട്രീയത്തിെൻറ സത്ത നഷ്ടപ്പെടുത്തിയ സര്‍ക്കാറാണിത്. പീഡിപ്പിക്കപ്പെടുന്ന ദലിത്^പിന്നാക്ക ജനവിഭാഗങ്ങളോടോ പെണ്‍കുട്ടികളോടോ ഒപ്പമല്ല, മറിച്ച് സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാരോടാണ് സര്‍ക്കാറും മുഖ്യമന്ത്രിയും കൂറുപ്രകടിപ്പിക്കുന്നത്. ലോ അക്കാദമി, പാമ്പാടി നെഹ്‌റു കോളജ്, ടോംസ് കോളജ് എന്നിവയുള്‍പ്പടെ വിവിധ പ്രശ്നങ്ങളില്‍ സ്വാശ്രയ മാനേജ്മെൻറുകളുടെ അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സി.പി.എം കുടുംബമായിട്ടുപോലും മഹിജക്കും കുടുംബത്തിനും സാമാന്യ നീതി ലഭ്യമാക്കാന്‍ കഴിയാത്ത ഭരണമായി അധപതിച്ചു. സമ്പന്ന^സ്വാശ്രയ ലോബിയോടുള്ള അമിത വിധേയത്വമാണ് സര്‍ക്കാറിനെ ഈ തലത്തില്‍ എത്തിച്ചത്.
കേരളത്തില്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്താന്‍ പ്രധാനകാരണമായി വര്‍ത്തിച്ചത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു. സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ദയനീയ പരാജയമാണ് ഈ സര്‍ക്കാര്‍. വിവിധ ഭാഗങ്ങളില്‍ മൂന്നുമുതല്‍ തൊണ്ണൂറു വയസുവരെയുള്ളവർ പീഡിപ്പിക്കപ്പെടുന്നത് സംസ്ഥാനത്ത് പുതിയ അനുഭവമാണ്. സ്ത്രീപീഡനകേസുകളിലെല്ലാം ഇരകളോടൊപ്പം നിൽക്കേണ്ട സര്‍ക്കാര്‍ വേട്ടക്കാരുടെ പക്ഷം ചേരുന്നതാണ് കണ്ടത്. ഒരു സ്ത്രീ താന്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുന്നതായി സാമൂഹിക പ്രവര്‍ത്തക ഭാഗ്യലക്ഷ്മിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിട്ടുപോലും പ്രതിസ്ഥാനത്തുള്ള വടക്കാഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവുകൂടിയായ മുനിസിപ്പല്‍ കൗണ്‍സിലര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. പീഡിപ്പിക്കപ്പെട്ട സ്ത്രീ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുപോലും അവരെ കാണാന്‍ കൂട്ടാക്കിയില്ല. പ്രമുഖ ചലച്ചിത്രനടി ആക്രമിക്കപ്പെട്ട സംഭവത്തിലും മുഖ്യമന്ത്രി നടത്തിയ പ്രതികരണം ഗൂഡാലോചനക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കുന്നവിധത്തിലായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം അരി വില അമ്പത് രൂപ കടന്നു. നവംബര്‍^ഡിസംബർ മാസങ്ങളില്‍ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു.
ദേശീയതലത്തില്‍ ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളി രാജ്യത്തിെൻറ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. തുടർച്ചയായ വിജയങ്ങൾ ഹിന്ദുത്വരാഷ്ട്രവാദം പരസ്യമായി ഉയര്‍ത്തിപ്പിടിക്കുന്നതിന് ബി.ജെ.പിക്ക് സഹായകമാകുന്നുണ്ട്. വര്‍ഗീയ ഫാഷിസത്തെ പ്രതിരോധിക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിെൻറ നേതൃത്വത്തിലുള്ള മതേതര പുരോഗമനശക്തികളുടെ കൂട്ടായ്മക്കെ സാധിക്കൂ. എന്നാല്‍ ഇക്കാര്യത്തിലും സി.പി.എം സമീപനം നിര്‍ഭാഗ്യകരമാണ്.
അവരുടെ നയം പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുന്നതാണ്. ലോക്സഭാതെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം നരേന്ദ്രമോദിയും അമിത്ഷായും പ്രഖ്യാപിച്ച കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന രാഷ്ട്രീയ മുദ്രാവാക്യം നിറവേറ്റാന്‍ മാത്രമെ സി.പി.എമ്മിെൻറ ഇപ്പോഴത്തെ നിലപാട് ഉപകരിക്കൂ.
കേരളത്തിലും സി.പി.എം നിലപാട് ബി.ജെ.പിയെ സഹായിക്കുന്നതാണ്. മലപ്പുറം ലോക്സഭാതെരഞ്ഞെടുപ്പിലെ യു.ഡി.എഫിെൻറ വിജയത്തെ ന്യൂനപക്ഷ വര്‍ഗീയതയുടെ ഏകീകരണമെന്ന സി.പി.എം വിലയിരുത്തല്‍ വര്‍ഗീയ ശക്തികളെ വളര്‍ത്താനെ ഉപകരിക്കുകയുള്ളു.
സി.പി.എമ്മിനെയും പിണറായി വിജയനെയും എതിര്‍ക്കുന്നവരെ ബി.ജെ.പിക്കാരായി ചിത്രീകരിക്കുന്ന ആപല്‍ക്കരമായ നിലപാടാണ് അവർ സ്വീകരിക്കുന്നത്. താല്‍ക്കാലികമായ തെരഞ്ഞെടുപ്പ് ലാഭത്തിനായി സ്വീകരിക്കുന്ന നിലപാടുകള്‍ ഭാവിയില്‍ സി.പി.എമ്മിെൻറ നാശത്തിനു വഴിതെളിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സി.പി.ഐ കേരളത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ഇടതുരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതാണ്.
ഇടതു രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനും മതേതര ജനാധിപത്യ മൂല്യങ്ങള്‍ രൂപപ്പെടുത്താനും സി.പി.ഐ- കോണ്‍ഗ്രസ്-ലീഗ്-ആർ.എസ്.പി. സഖ്യത്തിന് സാധിക്കുമെന്നും ഇടതുസ്വഭാവം നഷ്ടപ്പെട്ട മുന്നണിയിൽ തുടരണോയെന്നകാര്യം സി.പി.െഎ ആലോചിക്കണമെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.