മനാമ: ബഹ്റൈൻ വനിത സുപ്രീം കൗൺസിലിന് 21 വയസ്സ്. രാജപത്നി പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്റൈനിലെ സ്ത്രീകളുടെ ഉന്നമനത്തിനും വളർച്ചക്കുമായി രൂപവത്കരിച്ച വേദിയാണ് വനിത സുപ്രീം കൗൺസിൽ. രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ, ബിസിനസ്, നിയമ മേഖലകളിൽ സ്ത്രീകൾക്ക് അർഹമായ സ്ഥാനം ലഭ്യമാക്കുന്നതിനും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അവരെ പ്രാപ്തമാക്കുന്നതിനുമുള്ള ശ്രമങ്ങളാണ് സുപ്രീം കൗൺസിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
തീരുമാനാധികാരങ്ങളിൽ അവരെ പങ്കാളികളാക്കുന്നതിനുള്ള ശ്രമങ്ങൾ ഏറക്കുറെ വിജയിച്ചിട്ടുണ്ട്. രാഷ്ട്രീയരംഗത്തും തെരഞ്ഞെടുപ്പ് ഗോദയിലും സജീവ പങ്കാളിത്തം വഹിക്കുന്ന സ്ത്രീകൾ രംഗത്തുവന്നത് നേട്ടമാണ്. മന്ത്രിപദവികളിലും ബിസിനസ്, നിയമ മേഖലകളിലും ബഹ്റൈൻ സ്ത്രീ അവഗണിക്കാനാവാത്ത ശക്തിയായി മാറിയിട്ടുണ്ട്. പാർലമെന്റ് അധ്യക്ഷയായി നിലവിൽ വനിതയാണുള്ളത്. ബഹ്റൈൻ ചരിത്രത്തിലാദ്യമായാണ് പാർലമെന്റ് അധ്യക്ഷപദവിയിൽ വനിത സ്ഥാനമേറ്റത്. പുതിയ മന്ത്രിമാരിലും സ്ത്രീകൾക്ക് പരിഗണന നൽകുന്ന രീതിയാണ് സർക്കാർ അവലംബിച്ചത്. നിയമമേഖലയിൽ ധാരാളം സ്ത്രീകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥ മേഖലയിൽ സ്ത്രീകളുടെ അനുപാതം മുമ്പത്തേക്കാൾ ഏറെ വർധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തും സ്ത്രീകളുടെ മുന്നേറ്റമുണ്ടായിട്ടുണ്ട്. ബഹ്റൈൻ യൂനിവേഴ്സിറ്റി റെക്ടർ സ്ഥാനം അലങ്കരിക്കുന്നതും ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി പദവിയിലും സ്ത്രീകളാണ്. ബാങ്കിങ്, ബിസിനസ് മേഖലയിലും സ്ത്രീകളുടെ സാന്നിധ്യം ഏറെ കൂടുതലാണ്. പുരുഷന്മാരെപ്പോലെതന്നെ സ്ത്രീകളും ഡ്രൈവിങ് നടത്തുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ബഹ്റൈൻ. സാംസ്കാരിക വളർച്ചയിൽ കാര്യമായ പങ്കുവഹിക്കാനും സ്ത്രീസമൂഹത്തിന് സാധിച്ചു. ബിസിനസ് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളുടെ സാന്നിധ്യം ബഹ്റൈനെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. എല്ലാ മേഖലയും തങ്ങൾക്ക് വഴങ്ങുമെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് വനിത സുപ്രീം കൗൺസിലിനു കീഴിൽ രാജ്യത്തെ സ്ത്രീജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.