മനാമ: കഴിഞ്ഞ ഒരു വർഷത്തിനിടെ ബഹ്റൈനിൽ മരണപ്പെട്ടത് 260ഓളം ഇന്ത്യക്കാർ. മരണങ്ങളിൽ ഭൂരിഭാഗവും ഹൃദയാഘാതത്തെത്തുടർന്ന്. ഇതിൽ പകുതിയും 50 വയസ്സിനു താഴെയുള്ളവർ. ഒരു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 39 പേർ. സ്വയം ജീവിതം അവസാനിപ്പിച്ചവരിൽ 60 ശതമാനവും മലയാളികൾ.
പുതുവർഷത്തിലേക്ക് പുത്തൻ പ്രതീക്ഷകളുമായി കടക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട ചില കണക്കുകളാണിത്. എന്തുകൊണ്ട് ഇത്രയേറെ ഹൃദയാഘാത മരണങ്ങൾ സംഭവിക്കുന്നു എന്നതും അതിന് എന്താണ് പരിഹാരമെന്നും ഗൗരവത്തോടെ ആലോചിക്കേണ്ട സമയമായി. 30 വയസ്സുള്ള ആലപ്പുഴ സ്വദേശി ഉൾപ്പെടെ കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടു മലയാളികളാണ് കുഴഞ്ഞുവീണ് മരിച്ചത്. എന്തിനും ഏതിനും സാമൂഹിക പ്രവർത്തകർ സഹായത്തിനെത്താനുണ്ടെങ്കിലും മലയാളികൾ ആത്മഹത്യ കണക്കിൽ മുന്നിൽ വരുന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്.
വിദ്യാസമ്പന്നരാണെങ്കിലും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ മലയാളികൾക്ക് മനോധൈര്യം നഷ്ടമാകുന്നതായാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. മറ്റുള്ളവരുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അവസരമുണ്ടെങ്കിലും അതിന് മുതിരാതെ, എല്ലാം ഉള്ളിലൊളിപ്പിച്ച് നടക്കുന്നവർ അകാലമരണത്തെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.
ബിസിനസിന്റെ ഭാഗമായി എന്തെങ്കിലും നിയമനടപടികൾ നേരിടേണ്ടിവരുകയോ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുകയോ ചെയ്താലും അതൊക്കെ നേരിടാനുള്ള കരുത്ത് പ്രവാസികൾ ആർജിക്കേണ്ടതുണ്ട്. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനുള്ള ശേഷി ഉണ്ടെങ്കിൽ മാനസിക സമ്മർദങ്ങളിൽനിന്ന് മോചനം നേടാമെന്ന് പ്രവാസികളുടെ പ്രശ്നങ്ങളുമായി അടുത്തിടപെടുന്ന സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെടുന്നു.
മലയാളികൾ തന്നെ മലയാളികൾക്ക് ‘പാര’യാകുന്ന സംഭവങ്ങളും പ്രവാസികൾക്ക് പറയാനുണ്ട്. കിട്ടാനുള്ള ചെറുതും വലുതുമായ തുകക്കുവേണ്ടി കേസ് കൊടുക്കുകയും യാത്രാവിലക്ക് എന്ന കെണിയിൽ അകപ്പെടുത്തുകയും ചെയ്യുന്നവരുണ്ട്. ഇതേത്തുടർന്ന് വർഷങ്ങളോളം നാട്ടിൽ പോകാനോ കുടുംബാംഗങ്ങളെ കാണാനോ സാധിക്കാതെ വിഷമിച്ചുനടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഏറെയാണ്. ഇത് സൃഷ്ടിക്കുന്ന മാനസികാഘാതം വളരെ വലുതാണ്. യാത്രാവിലക്കിൽ അകപ്പെടുത്തുന്നതിന് പകരം ഒത്തുതീർപ്പ് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള സന്നദ്ധത കാണിക്കണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു. എളുപ്പത്തിൽ പണമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരിൽ മുന്നിൽ മലയാളികളാണെന്ന് സാമൂഹിക പ്രവർത്തകനും പ്രവാസി കമീഷൻ അംഗവുമായ സുബൈർ കണ്ണൂർ ചൂണ്ടിക്കാട്ടുന്നു.
സ്വർണക്കടത്ത് കേസിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മലയാളികളാണെന്നത് ഇതിന് തെളിവാണ്. മലയാളികളുടെ പണത്തോടുള്ള ആർത്തി മുതലാക്കാൻ ഒരു മാഫിയതന്നെ പ്രവർത്തിക്കുന്നുമുണ്ട്. ഏത് മാർഗത്തിലൂടെയും പണമുണ്ടാക്കണമെന്ന ചിന്ത പ്രവാസികളെ കൊണ്ടുചെന്നെത്തിക്കുന്നത് പലവിധ ഊരാക്കുടുക്കുകളിലായിരിക്കും. മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണതയാണ് പ്രവാസികളെ സാമ്പത്തികമായ ഞെരുക്കത്തിൽ കൊണ്ടെത്തിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. സ്വന്തം സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ പണം ചെലവഴിക്കുന്നവരും അകപ്പെടുന്നത് വലിയ കുരുക്കിലായിരിക്കും.
ഇതിനെല്ലാം പുറമെ, കുടുംബ പ്രശ്നങ്ങളും പ്രവാസികളെ മാനസിക സമ്മർദത്തിലാക്കുന്നതിൽ മുന്നിലാണെന്ന് സുബൈർ കണ്ണൂർ ചൂണ്ടിക്കാട്ടി.വർഷങ്ങളോളം ഒരു വീട്ടിൽ താമസിച്ചിട്ടും പരസ്പരം മിണ്ടാത്ത പ്രവാസി ദമ്പതികളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ട് പ്രവാസികളിൽ അകാലമരണം കൂടുന്നു എന്നതിന് മറ്റു കാരണങ്ങൾ അന്വേഷിച്ച് പോകേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.