മനാമ: പതിനെട്ടാമത്തെ വയസ്സിൽ ബഹ്റൈനിലെത്തിയതാണ് തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് പാടൂർ സ്വദേശി പണിക്കവീട്ടിൽ അബ്ദുൽ ഗഫൂർ. 47 വർഷം മുമ്പായിരുന്നു അത്. വന്ന് ഒരു വർഷത്തിനകം ബി.ഡി.എഫിൽ ജോലിയിൽ പ്രവേശിച്ചു. അന്ന് ക്ലിനിക്കിൽനിന്ന് ബി.ഡി.എഫ് ഹോസ്പിറ്റലായി മാറുന്നതേയുള്ളു. സ്റ്റോർ കീപ്പറായും അതിനുശേഷം പർച്ചേസിങ്, ടെൻഡർ ഡിപ്പാർട്മെന്റ്, കോൺട്രാക്ട് ഓഫിസ്, ഫാർമസി സൂപ്പർവൈസർ എന്നീ നിലകളിലെല്ലാം ബി.ഡി.എഫിൽ ജോലി ചെയ്തു.
ബഹ്റൈന്റെ വികസനവും വളർച്ചയും നേരിട്ടുകണ്ട പ്രവാസികളിലൊരാളാണ് അബ്ദുൽ ഗഫൂർ. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷമാണ് ബഹ്റൈനിലെത്തുന്നത്. ജോലിയിൽ പ്രവേശിച്ചതിനുശേഷം വിദൂര വിദ്യാഭ്യാസ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ബിരുദമടക്കം നേടിയത്. യു.കെയിൽ നിന്നും മറ്റും വിവിധ ഡിേപ്ലാമകളും അതിനുശേഷം നേടി.
തൊഴിൽ രംഗത്തെ മേലധികാരികളായ സ്വദേശികൾ തന്നെ വാത്സല്യത്തോടെയും സ്നേഹത്തോടെയുമാണ് പരിഗണിച്ചിരുന്നതെന്ന് അബ്ദുൽ ഗഫൂർ ഓർമിക്കുന്നു. മകനെ പോലെ സ്നേഹിച്ചയാളുകളുണ്ടായിരുന്നു. അവരുടെ പിന്തുണയും കരുതലും മൂലമാണ് തുടർവിദ്യാഭ്യാസമടക്കം സാധ്യമായത്. ഇക്കാലയളവിനുള്ളിൽ സാമൂഹിക, സാംസ്കാരിക, ആത്മീയ മണ്ഡലങ്ങളിലും അബ്ദുൽ ഗഫൂർ പാടൂർ സജീവ സാന്നിധ്യമായിരുന്നു. അൽഹിദായ സെന്റർ ജനറൽ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ഇവിടെയുണ്ടായിരുന്നു. മകൾ ഇന്ത്യൻ സ്കൂളിലും മകൻ ന്യൂ ഇന്ത്യൻ സ്കൂളിലുമാണ് വിദ്യാഭ്യാസം നേടിയത്. മക്കൾ രണ്ടു പേരും നിലവിൽ ദുബൈയിലാണ്. ഇനിയുള്ള കാലം നാട്ടിലും മക്കളുടെ ഒപ്പവുമൊക്കെയായി കഴിയാനാണ് ആഗ്രഹിക്കുന്നതെന്ന് അബ്ദുൽ ഗഫൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.