ഇന്റർനാഷനൽ എയർഷോ സാഖീർ എയർ ബേസിൽ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്യുന്നു
മനാമ: പവിഴദ്വീപിന്റെ ആകാശത്ത് മരതക മഴ പെയ്യിച്ചുകൊണ്ട് ഏവരും കാത്തിരുന്ന ഇന്റർനാഷനൽ എയർഷോക്ക് തുടക്കം. ഹമദ് രാജാവിനെ പ്രതിനിധീകരിച്ച്, ഡെപ്യൂട്ടി കിങ്, പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എയർഷോ സാഖീർ എയർ ബേസിൽ ഉദ്ഘാടനം ചെയ്തു.
2010 മുതൽ കഴിഞ്ഞ 14 വർഷമായി ഗംഭീരമായി നടന്നുവരുന്ന ബഹ്റൈൻ ഇന്ററർനാഷനൽ എയർഷോ രാജ്യത്തിന്റെ അഭിമാനം ആഗോളതലത്തിൽ ഉയർത്തുന്നതാണ്.
എയർഷോ വീക്ഷിക്കാനെത്തുന്ന കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
എയർഷോയുടെ വിജയം ആഗോള വ്യോമയാന വ്യവസായത്തിലെ ഒരു പ്രധാന പ്ലാറ്റ്ഫോമായി രാജ്യത്തെ മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ സുപ്രീം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘാടനത്തെയും അദ്ദേഹം അഭിനന്ദിച്ചു.
എയർഷോയോടനുബന്ധിച്ച് നടക്കുന്ന എക്സിബിഷനിൽ വിവിധ രാജ്യങ്ങളുടെ പവിലിയനുകൾ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിക്കുകയും സൈനിക, സിവിൽ ഏവിയേഷൻ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
പങ്കെടുത്ത വ്യോമയാന സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ തലവന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ദേശീയ പവിലിയൻ അദ്ദേഹം സന്ദർശിച്ചു. സൗദി അറേബ്യയിൽ നിന്നുള്ള സൗദി ഹോക്സ് ടീമുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുതിർന്ന ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.