മനാമ: വിദേശരാജ്യങ്ങളിലെ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐ.സി.ഡബ്ല്യൂ.എഫ്) ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ പ്രവാസികളായി കഴിയുന്ന ഗൾഫ് രാജ്യങ്ങളിൽ മുൻ വർഷങ്ങളെക്കാൾ പതിന്മടങ്ങാണ് ഗുണഭോക്താക്കളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്.
ആറ് ഗൾഫ് രാജ്യങ്ങളിലായി 2023ൽ 16294 പ്രവാസികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ഐ.സി.ഡബ്ല്യൂ.എഫ് ഫണ്ട് ലഭ്യമായപ്പോൾ 2024ൽ ആകെ 6068 പേർക്ക് മാത്രമാണ് ലഭ്യമായതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. 2022ൽ ഇത് 18435 ആയിരുന്നു. എല്ലാ ഗൾഫ് രാജ്യങ്ങളിലും ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഇത്തവണ ഗണ്യമായ കുറവുണ്ട്.
ബഹ്റൈനിൽ കഴിഞ്ഞ വർഷം 63 പേർ മാത്രമാണ് ഗുണഭോക്താക്കൾ. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പാർലമെന്റ് അംഗങ്ങൾ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഐ.സി.ഡബ്ല്യൂ.എഫ് ഗുണഭോക്തൃ പട്ടിക വിശദമാക്കിയത്. 2023ൽ 51 പേരും 2022ൽ 75 പേരും ബഹ്റൈനിൽ ഇന്ത്യൻ എംബസിക്കു കീഴിൽ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന് ഗുണഭോക്താക്കളായിരുന്നു. ഈ വർഷം ആകെ എത്ര തുക ഐ.സി.ഡബ്ല്യൂ.എഫിൽനിന്ന് ചെലവഴിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
വിവിധ ഗൾഫ് രാജ്യങ്ങളിലെയും ഐ.സി.ഡബ്ല്യൂ.എഫ് ഗുണഭോക്താക്കളുടെ എണ്ണം മന്ത്രാലയം പ്രസിദ്ധീകരിച്ചു. മുഴുവൻ ഗൾഫ് രാജ്യങ്ങളിലുമായി 6068 ഗുണഭോക്താക്കളാണുള്ളത്. ഒമാനിലാണ് ഈ വർഷം ഏറ്റവും ഗുണഭോക്താക്കളുള്ളത്. 4156 പേർ. സൗദി അറേബ്യയിൽ 426ഉം യു.എ.ഇയിൽ 660ഉം കുവൈത്തിൽ 64ഉം ഖത്തറിൽ 699ഉം പ്രവാസികൾക്ക് ഐ.സി.ഡബ്ല്യൂ.എഫ് സഹായം വിവിധ കേസുകളിലായി ലഭിച്ചു. ബോർഡിങ് ആൻഡ് ലോഡ്ജിങ്ങിൽ ബഹ്റൈനിൽ 9 പേരാണ് ഇത്തവണ ഗുണഭോക്താക്കളായത്.
2022ൽ ഇത് 17ഉം 2023ൽ ഏഴുമായിരുന്നു. വിമാനയാത്രാ സഹായം 41ഉം നിയമസഹായം അഞ്ചും മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള വകയിൽ എട്ടും പേർക്ക് ഐ.സി.ഡബ്ല്യൂ.എഫ് സഹായം നൽകി. അതേസമയം, എമർജൻസി മെഡിക്കൽ കെയറിലും വിവിധ കേസുകളിൽ അകപ്പെട്ടവർക്ക് പിഴ അടക്കുന്നതിലും ഒരു തുകപോലും ഇത്തവണ ചെലവഴിച്ചില്ല.
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 2024ൽ ഐ.സി.ഡബ്ല്യു ഫണ്ടിന്റെ ഗുണഭോക്താക്കളുടെ പട്ടിക. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പാർലമെന്റിൽ നൽകിയ മറുപടി
പ്രവാസികളുടെ ഫണ്ട്; ലഭിക്കുന്നത് നാമമാത്രം
പ്രവാസി ഇന്ത്യക്കാർക്ക് നിയമ സഹായ, ക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിന് 2009ൽ ആരംഭിച്ച വെൽഫെയർ സംവിധാനമാണ് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ വഴി അതാത് രാജ്യങ്ങളിലെ പ്രവാസികളിൽ ഏറ്റവും അർഹരായ വിഭാഗത്തിന്റെ ക്ഷേമങ്ങൾക്കായി വിനിയോഗിക്കണമെന്നാണ് ചട്ടം. ഐ.സി.ഡബ്ല്യൂ.എഫിലേക്കുള്ള തുക വിവിധ സേവനങ്ങൾക്കുള്ള ഫീസിൽനിന്നും മറ്റുമായാണ് സമാഹരിക്കുന്നത്. ബജറ്റ് ഫണ്ട്, സംഭാവന തുടങ്ങിയവയും ധനാഗമമാർഗമാണ്. പാസ്പോർട്ട്, വിസ എന്നിവയുടെ പ്രോസസിങ്, വിദേശ ജോലി രേഖ അറ്റസ്റ്റേഷൻ എന്നിവയിലൂടെ ഈടാക്കുന്ന വിഹിതമാണ് ഫണ്ടിലെ വലിയൊരു തുക.
കേന്ദ്ര ബജറ്റ് വിദേശകാര്യമന്ത്രാലയത്തിന് അനുവദിക്കുന്നതിൽനിന്ന് നിശ്ചിത തുക നീക്കിവെച്ചിരുന്നെങ്കിലും സ്വയംപര്യാപ്തമായതോടെ ഇത് അവസാനിപ്പിച്ചിരുന്നു. പ്രവാസികൾക്ക് ആവശ്യമായ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. കേസുകളില്‍പെടുന്ന പ്രവാസികളുടെ നിയമ പരിരക്ഷ, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള പ്രവാസികള്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ്, തൊഴില്‍ പ്രശ്നങ്ങളുടെ പേരില്‍ കുടുങ്ങുന്നവരെ നാട്ടിലെത്താനുള്ള വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള ചെലവ്, അവർക്കുള്ള താമസ സൗകര്യങ്ങൾ എന്നിവക്കായി വിവിധ എംബസികള്‍ അനുവദിക്കുന്നതാണ് ഇന്ത്യൻ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്.
എന്നാൽ, 2023ൽ കേന്ദ്ര സർക്കാർ പാർലമെൻറിൽ വ്യക്തമാക്കിയത് പ്രകാരം 571 കോടിയോളം രൂപ വിവിധ രാജ്യങ്ങളിലെ എംബസികളിലായി ഐ.സി.ഡബ്ല്യൂ ഫണ്ടിലുണ്ടെന്നാണ് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 125 കോടി കെട്ടിക്കിടക്കുന്നതായും വെളിപ്പെടുത്തിയിരുന്നു. 2014 മുതൽ 2021വരെ ഗുണഭോക്താക്കളുടെ എണ്ണം നാമമാത്രമായിരുന്നുവെങ്കിൽ കഴിഞ്ഞ മൂന്ന് വർഷത്തിൽ നിരവധി പേർക്ക് സഹായങ്ങളെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.