മനാമ: കോലാലംപുരിൽ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മെൻസ് അണ്ടർ 19 ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്ന ബഹ്റൈൻ ടീമിൽ മലയാളി സാന്നിധ്യം. ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ബാസിലാണ് ടീമിലംഗമായി അഭിമാനമായത്. ഹക്കീം പാലക്കാടിന്റെയും ഷഫ്നയുടെയും മകനാണ്. മുഹമ്മദ് ബാസിലിന് പുറമെ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ സായി സാർതകും ടീമിലിടം പിടിച്ചിട്ടുണ്ട്. ഷാർജയിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വെസ്റ്റ് സോൺ കപ്പിനുള്ള അണ്ടർ 16 ക്രിക്കറ്റ് മത്സരത്തിലും ഇവർ രണ്ടുപേരും ബഹ്റൈൻ ടീമിനെ പ്രതിനിധീകരിച്ചിരുന്നു.
അന്ന് മിന്നുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. പതിനാലംഗ ബഹ്റൈൻ അണ്ടർ 16 ടീമിൽ ആറുപേർ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായിരുന്നു. 12നാണ് കോലാലംപുരിൽ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മെൻസ് അണ്ടർ 19 ക്രിക്കറ്റ് തുടങ്ങുന്നത്. മത്സരത്തിൽ പങ്കെടുക്കാനുള്ള ടീം ഞായറാഴ്ച ബഹ്റൈനിൽനിന്ന് പുറപ്പെട്ടു. ഒക്ടോബർ 24 വരെ നടക്കുന്ന ടൂർണമെന്റ് 50 ഓവർ ഫോർമാറ്റിലാണ്. നേപ്പാൾ, ഇറാൻ, സൗദി അറേബ്യ എന്നിവരോടൊപ്പം ഗ്രൂപ് എയിലാണ് ബഹ്റൈൻ. ഉദ്ഘാടനദിവസം സൗദിക്കെതിരെയാണ് ബഹ്റൈന്റെ ആദ്യ മത്സരം. ഒമാൻ, ഖത്തർ, ചൈന, യു.എ.ഇ, സിംഗപ്പൂർ, കുവൈത്ത്, മാലദ്വീപ്, തായ്ലൻഡ്, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, ഹോങ്കോങ് എന്നീ ടീമുകളും ടൂർണമെന്റിൽ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.