മനാമ: ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലേക്കു പോകുന്ന ഗൾഫ് പ്രവാസികളോടും കുടുംബങ്ങളോടും എയർ ഇന്ത്യ എക്സ്പ്രസ് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് കെ.എം.സി.സി ബഹ്റൈൻ ആവശ്യപ്പെട്ടു.
ഒരു ഉത്തരവാദിത്ത ബോധവും ഇല്ലാതെ നിത്യേന ഫ്ലൈറ്റുകൾ റദ്ദാക്കിയും ഏതാനും മണിക്കൂറുകൾ മുമ്പ് സമയം മാറ്റിയും പ്രവാസികളെ വട്ടംകറക്കുന്ന ഈ പ്രവണത എയർ ഇന്ത്യ എക്സ്പ്രസ് തുടരുകയാണ്. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ദുരവസ്ഥയാണിത്.
കേന്ദ്രം ഭരിക്കുന്നവരും കേരള സർക്കാറും പ്രവാസി വിഷയത്തിൽ നോക്കുകുത്തികളായി നിൽക്കുന്ന സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ട്. സീസണുകളിലെ അന്യായ ടിക്കറ്റ് ചാർജ് കൊള്ള ഉൾപ്പെടെ പലതും രാജ്യത്തിനും സംസ്ഥാനത്തിനും കോടിക്കണക്കിനു രൂപയാണ് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ മുഖേന ലഭിച്ചുവരുന്നത്.
നാടും വീടും വിട്ട് കുടുംബം പോറ്റാൻ വിദേശങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികൾ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഉറ്റവരെയും ഉടയവരെയും കാണാൻ നാട്ടിലേക്ക് വിമാനം കയറാൻ എയർപോർട്ടിലെത്തുമ്പോഴാണ് എയർ ഇന്ത്യയുടെ തുടർച്ചയായ താളം തെറ്റലിന്റെ ക്രൂരതക്ക് ഇരയാവുന്നത്.അടിയന്തരമായി ബന്ധപ്പെട്ടവർ ഈ പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുക്കണമെന്ന് കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങരയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.