എയർ ഇന്ത്യ എക്സ്പ്രസ്: അപ്രതീക്ഷിത സമരത്തിൽ ബുദ്ധിമുട്ടിയവരിൽ ബഹ്റൈനിൽ നിന്നുള്ള യാത്രക്കാരും

മനാമ: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിയ അപ്രതീക്ഷിത സമരത്തിൽ രാജ്യത്താകെ വിമാനസർവിസുകൾ മുടങ്ങിയതോടെ ബുദ്ധിമുട്ടിലായവരിൽ ബഹ്റൈനിൽ നിന്നുള്ള യാത്രക്കാരും. ഇന്ന് ഉച്ചക്ക് 1.20ന് ബഹ്റൈനിൽ നിന്ന് പുറപ്പെടേണ്ട കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമടക്കം റദ്ദാക്കിയതിൽപെടുന്നു. ഇതിൽ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അല്ലെങ്കിൽ സർവിസ് ലഭ്യമായ മറ്റൊരു തീയതിയിലേക്ക് ബുക്കിങ് മാറ്റാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.

കോഴിക്കോട് നിന്ന് പുറ​പ്പെട്ട് ഉച്ചക്ക് 12.40ന് എത്തേണ്ട വിമാനവും റദ്ദാക്കിയിരുന്നു. ഇത് മുടങ്ങിയത് നിരവധി യാത്രക്കാരെ പ്രയാസത്തിലാക്കി. അത്യാവശ്യമായി ജോലിയിൽ പ്രവേശിക്കേണ്ടവരടക്കം ഈ വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നു. ഇന്നലെ പുറപ്പെടേണ്ട ഡൽഹി എക്സ്പ്രസ് വിമാനം ഇന്ന് പുലർച്ചെ ആറിനാണ് ബഹ്റൈനിൽ നിന്നും പുറപ്പെട്ടത്. യാത്ര മുടങ്ങിയതോടെ പലയിടത്തും കനത്ത പ്രതിഷേധമുയർന്നിരുന്നു. ജീവനക്കാർ കൂട്ടത്തോടെ അസുഖ അവധിയെടുക്കുകയായിരുന്നു. അന്താരാഷ്ട്ര, ആഭ്യന്തര സർവിസുകൾ ഉൾപ്പെടെ 79 സർവിസ് മുടങ്ങിയതായാണ് റിപ്പോർട്ട്.

അലവൻസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജീവനക്കാരുടെ സമരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 300ഓളം സീനിയർ കാബിൻ ക്രൂ അംഗങ്ങൾ സർവിസുകൾക്ക് തൊട്ടുമുമ്പായി അസുഖ അവധിയെടുത്ത് സമരം ചെയ്യുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.