മനാമ: അടിക്കടി ഉയരുന്ന വിമാന ടിക്കറ്റ് വർധന മൂലം നടുവൊടിഞ്ഞ പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയായി എയർപോർട്ട് യൂസർഫീയിൽ വർധന. കേരളത്തിൽ അദാനി ഏറ്റെടുത്ത തിരുവനന്തപുരം വിമാനത്താവളത്തിലാണ് യൂസർഫീ ഇരട്ടിയായി വർധിപ്പിച്ചത്. വിമാനത്താവളത്തിൽ ആദ്യമായി വന്നിറങ്ങുന്നവർക്കും യൂസർഫീ ബാധകമാക്കി. നിലവിൽ ആഭ്യന്തര യാത്രക്കാർക്ക് 506 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 1069 രൂപയുമാണ് യൂസർഫീ. പുതുക്കിയ നിരക്കനുസരിച്ച് ജൂലൈ ഒന്നു മുതൽ അടുത്ത വർഷം മാർച്ച് 31 വരെ യാത്ര തുടങ്ങുന്ന ആഭ്യന്തര യാത്രക്കാർ 770 രൂപയും വന്നിറങ്ങുന്നവർ 330 രൂപയും നൽകണം. 2025-26 വർഷം ഇത് യഥാക്രമം 840ഉും 360ഉം ആയി വർധിക്കും. 2026-27 വർഷം ഇത് 910ഉും 390ഉും ആയി ഉയരും. യാത്ര തുടങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇത് യഥാക്രമം 1540, 1680, 1820 എന്നിങ്ങനെയാണ് വർധിപ്പിച്ചത്. വിദേശത്തു നിന്ന് വന്നിറങ്ങുന്നവർ 660, 720, 780 എന്നിങ്ങനെ നൽകേണ്ടി വരും. വിമാനങ്ങളുടെ ലാൻഡിങ് ചാർജ് ഒരു മെട്രിക് ടണ്ണിന് 309 എന്നത് മൂന്നിരട്ടിയോളം വർധിപ്പിച്ച് 890 രൂപയാക്കിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷങ്ങളിൽ ഇത് 14,00ഉും 1650ഉും ആയി വർധിപ്പിക്കാം.
വിമാനത്താവളത്തിൽ സർവിസ് നടത്തുന്ന കമ്പനികൾ നൽകേണ്ട ലാൻഡിങ് ചാർജും വർധിപ്പിച്ചു. വിമാനക്കമ്പനികൾക്ക് 2200 രൂപ ഇന്ധന സർചാർജും ഏർപ്പെടുത്തിയിട്ടുണ്ട്. നിരക്ക് വർധനയുടെ നഷ്ടം നികത്താൻ വിമാനക്കമ്പനികൾ ഉടൻ ടിക്കറ്റ് നിരക്ക് ഉയർത്തുമെന്നാണ് വിവരം. ജി.സി.സി രാജ്യങ്ങളിൽ വേനൽ അവധി ആരംഭിക്കുന്നതിനാൽ ടിക്കറ്റ് നിരക്ക് കമ്പനികൾ ഉയർത്തിയിരിക്കുകയാണ്. ഇതിനൊപ്പം യൂസർഫീ കൂടി വരുമ്പോൾ താങ്ങാവുന്നതിലപ്പുറമാവും ടിക്കറ്റ് നിരക്ക്. യൂസർഫീ കൂടി ഉൾപ്പെടുത്തി ടിക്കറ്റ് നിരക്ക് ഈടാക്കുമെങ്കിലും എത്രയാണെന്ന് യാത്രക്കാരെ ബോധ്യപ്പെടുത്താറില്ല. അതേസമയം, കേരളത്തിൽ മറ്റ് മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും യൂസർഫീ വർധിപ്പിച്ചിട്ടില്ല.
എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് (എ.ഇ.ആർ.എ) വിമാനത്താവളങ്ങളുടെ യൂസർ െഡവലപ്മെന്റ് ഫീ (യു.ഡി.എസ്) നിശ്ചയിക്കുന്നത്. ഓരോ അഞ്ചു വർഷം കൂടുമ്പോൾ വിമാനത്താവളങ്ങളിൽ നടത്താൻ ലക്ഷ്യമിടുന്ന പദ്ധതികളും ഇതിനായുള്ള നിക്ഷേപത്തുകയും പരിഗണിച്ചാണ് അഞ്ചു വർഷത്തേക്ക് മൾട്ടി ഇയർ താരിഫ് പ്രപ്പോസൽ നിശ്ചയിക്കുന്നത്. 2021 മുതൽ 25 വരെയുള്ള സാമ്പത്തിക വർഷത്തെ താരിഫാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ടെങ്കിലും കേരളത്തിൽ ഇതുവരെ സിവിൽ ഏവിയേഷൻ ഡിപ്പാർട്മെന്റ് രൂപവത്കരിച്ചിട്ടില്ല. കേന്ദ്ര വ്യോമയാന വകുപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ നടപടികൾ ഏകോപിപ്പിക്കാനും സമയാസമയങ്ങളിൽ നിർദേശങ്ങൾ സമർപ്പിക്കാനും സിവിൽ ഏവിയേഷൻ വകുപ്പ് ആവശ്യമാണ്. കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ യാത്രക്കാർ വന്നുപോകുന്ന ഛത്തിസ്ഗഢ് അടക്കം 14 സംസ്ഥാനങ്ങൾ സിവിൽ ഏവിയേഷൻ ഡിപ്പാർട്മെന്റ് രൂപവത്കരിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിൽ എയർപോർട്ട് പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് റോഡ് ഗതാഗത വകുപ്പിന് കീഴിലെ ‘ഡി’ സെക്ഷനാണ്. സിവിൽ ഏവിയേഷൻ വകുപ്പിന്റെ യോഗങ്ങളിൽ ഡൽഹിയിൽനിന്നുള്ള കേരള പ്രതിനിധി മാത്രമാണ് പങ്കെടുക്കാറ്. യോഗത്തിൽ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ ഇവർക്ക് പലപ്പോഴും സാധിക്കാറുമില്ല. 2017 സിവിൽ ഏവിയേഷൻ ഡിപ്പാർട്മെന്റ് രൂപവത്കരിക്കാനുള്ള അപേക്ഷ സർക്കാറിന് സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
മനാമ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ യൂസേഴ്സ് ഫീസ് ജൂലൈ ഒന്ന് മുതൽ വർധിപ്പിക്കാനുള്ള എയർപോർട്ട് അതോറിറ്റിയുടെ തീരുമാനം പിൻവലിക്കണം എന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം ആവശ്യപ്പെട്ടു. തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങൾ സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി കൊടുക്കാൻ കേന്ദ്ര സർക്കാർ തയാറായപ്പോൾ തന്നെ കേരള സർക്കാറും, വിവിധ സംഘടനകളും ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയും, കോടതിയെ സമീപിക്കുകയും ചെയ്തതാണ്. അന്ന് കോടതിയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയും, സർക്കാറിന് പണം മുടക്കി വികസനം നടത്താൻ ബുദ്ധിമുട്ട് ഉണ്ടെന്നും, സ്വകാര്യ വ്യക്തികൾ ആകുമ്പോൾ വളരെ വലിയ വികസനം നടക്കും എന്നും തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ കമ്പനിക്ക് കൊടുത്തത്. വിമാനത്താവളങ്ങളുടെ വളർച്ച നടക്കണമെങ്കിൽ കൂടുതൽ വിമാന സർവിസുകൾ ആരംഭിക്കാനും, അതുവഴി കൂടുതൽ യാത്രക്കാർ തിരുവനന്തപുരം എയർപോർട്ട് ഉപയോഗിക്കുവാനും ഉള്ള സാഹചര്യം ഉണ്ടാകണം. അല്ലാതെ വരുന്ന യാത്രക്കാരെ പരമാവധി ഊറ്റിപ്പിഴിയുന്ന സമീപനം സർക്കാർ മാറ്റണം. ഗൾഫ് മേഖലകളിൽ സ്കൂൾ വെക്കേഷൻ ആരംഭിച്ച സമയത്ത് ഉണ്ടായ ഈ വർധന കുടുംബമായി വിദേശത്തു കഴിയുന്ന പാവപ്പെട്ട പ്രവാസികളെ വലിയ ബുദ്ധിമുട്ടിലാക്കും. വിമാനങ്ങളുടെ ലാൻഡിങ് ഫീസ്, പാർക്കിങ് ഫീസ് അടക്കം വർധിപ്പിച്ച സാഹചര്യത്തിൽ ടിക്കറ്റുകൾക്ക് എല്ലാം വർധന ഉണ്ടാകുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മനാമ: യൂസേഴ്സ് ഫീ ഈടാക്കാനുള്ള തീരുമാനത്തിൽനിന്ന് അദാനിയുടെ പ്രൈവറ്റ് കമ്പനിയെ വിലക്കണമെന്നും, കേരളസർക്കാറിന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല നൽകി യാത്രക്കാരെ ഇത്തരം അമിത ഫീസ് പോലുള്ള പകൽ കൊള്ളകളിൽനിന്ന് സംരക്ഷിക്കണമെന്നും ബഹ്റൈൻ പ്രതിഭ കേന്ദ്ര ഭരണാധികാരികളോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളം കേരള ഗവൺമെന്റിന് നടത്തിപ്പിനായി നൽകണമെന്ന് കേന്ദ്ര ഗവൺമെന്റിനോട് ശിപാർശ ചെയ്തപ്പോൾ അത് ചെവികൊള്ളാതെ അദാനിക്ക് നൽകാൻ വെമ്പൽ കൊള്ളുകയായിരുന്നു കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറെന്നും പ്രസിഡന്റ് ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി മിജോഷ മൊറാഴ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിലേക്ക് കൊണ്ടുവരുന്ന കൽക്കരിക്ക് അമിതമായ പണം ഈടാക്കി വൈദ്യുതി കേന്ദ്രങ്ങൾക്ക് അത് മറിച്ച് വിൽക്കാൻ അദാനിയെ സഹായിക്കുന്നവരാണ് ഇതേ കേന്ദ്ര ബി.ജെ.പി സർക്കാർ. അതിന്റെ ഫലമായി രാജ്യത്തിലെ ജനങ്ങൾ അമിത വൈദ്യുതി ചാർജ് നൽകാൻ നിർബന്ധിതരായി. അതേമട്ടിൽ തിരുവനന്തപുരം വിമാനത്താവളം കേരള സർക്കാറിന്റെ ശിപാർശ കൈകൊള്ളാതെ അദാനിക്ക് കൊടുത്ത് ഇപ്പോൾ യാത്രക്കാരെ കറവപ്പശുവായി കണ്ട് ചൂഷണം ചെയ്യുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
മനാമ: അദാനി ഏറ്റെടുത്ത തിരുവനന്തപുരം എയർപോർട്ടിൽ യൂസേഴ്സ് ഫീ ഇരട്ടിയായി വർധിപ്പിച്ച ജന വിരുദ്ധ നടപടിയിൽ കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സ്വദേശി വത്കരണത്തെ തുടർന്നും സാമ്പത്തിക മാന്ദ്യത്തെ തുടർന്നും വിദേശ രാഷ്ട്രങ്ങളിൽ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെട്ടും മറ്റും പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രവാസികളോടുള്ള മറ്റൊരു ക്രൂരതയാണിത്. പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിന്റെ ദൂഷ്യങ്ങൾ മുസ്ലിം ലീഗ് ഉൾപ്പെടെ നേരത്തേ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്തിനു വിദേശനാണ്യം നേടിത്തരുന്ന പ്രവാസികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നത് പോകട്ടെ അവരെ കൂടുതൽ ദ്രോഹിക്കുന്ന നടപടിയാണിത്. കേന്ദ്ര വ്യോമയാന വകുപ്പിൽ സമ്മർദം ചെലുത്താൻ കേരളത്തിൽനിന്നുള്ള പാർലമെന്റ് അംഗങ്ങളും കേരള സർക്കാറും അടിയന്തരമായി ഇടപെടണം എന്നും കെ.എം.സി.സിസി പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും ആവശ്യപ്പെട്ടു.
പ്രതിഷേധാർഹം -പ്രവാസി വെൽെഫയർ
മനാമ: സാധാരണക്കാരായ പ്രവാസികളെ കൊള്ളയടിക്കുന്ന യൂസേഴ്സ് ഫീ വർധനവാണ് അദാനി കൈക്കലാക്കിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഉണ്ടായിരിക്കുന്നതെന്ന് പ്രവാസി വെൽെഫയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ. പ്രവാസി സമൂഹത്തിന് നേരെയുള്ള സാമ്പത്തിക കടന്നുകയറ്റങ്ങളെയും പ്രവാസി സമൂഹം ഒറ്റക്കെട്ടായി നേരിടണം. ഉപജീവനാർഥം വിദേശത്തേക്ക് പോവുകയും രാജ്യത്തിെന്റ വിദേശനാണ്യ സമ്പത്തിൽ സുപ്രധാന പങ്ക് അടയാളപ്പെടുത്തുകയും ചെയ്യുന്ന പ്രവാസികളിൽനിന്നും അന്യായമായി യൂസേഴ്സ് ഫീ ഈടാക്കുന്നത് അനീതിയാണ്. രാജ്യത്ത് നിലനിൽക്കുന്ന നികുതി ഭീകരതക്ക് പുറമെ പുതിയ രൂപത്തിലും ഭാവത്തിലും ചുങ്കം ചുമത്തുന്ന പ്രവാസി വിരുദ്ധ നിലപാട് കേന്ദ്രസർക്കാർ ഇടപെട്ട് അടിയന്തരമായി പിൻവലിക്കണം.
മനാമ: നിരന്തരമായി പ്രവാസികളെ എക്കാലത്തും ബുദ്ധിമുട്ടിക്കുന്ന അവധിക്കാല എയർലൈൻസ് ചാർജ് വർധന കൂടുന്നതിനിടെ പ്രവാസികൾക്ക് ഇരുട്ടടിയായിരിക്കുകയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഫീ വർധനവെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) ചെയർമാൻ റാഫി പാങ്ങോട്, പ്രസിഡന്റ് ബഷീർ അമ്പലായി, ജനറൽ സെക്രട്ടറി സന്തോഷ് കെ. നായർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. സ്വകാര്യവത്കരിച്ച എയർപോർട്ടുകൾ ഇത്തരം രീതിയിൽ പ്രവാസികളെ പീഡിപ്പിക്കുന്ന പ്രവണതകൾ അവസാനിപ്പിക്കുക, അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്കുകൾ കുറക്കുക, പ്രവാസികളുടെ ഉന്നമനത്തിനായുള്ള സംവിധാനങ്ങൾ സർക്കാറുകൾ നടപ്പാക്കുക എന്നീ പ്രമേയങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.
മനാമ: ടിക്കറ്റ് നിരക്ക് ഉയർത്തിയതിന് പുറമെ യൂസർ ഫീ വര്ധന കൂടി വരുമ്പോൾ പ്രവാസികള്ക്ക് വന് തിരിച്ചടിയാണുണ്ടായിരിക്കുന്നതെന്ന് സേവ് കണ്ണൂർ എയർപോർട്ട് സമിതി ചെയർമാൻ ഫസലുൽ ഹഖ്. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഇക്കാര്യത്തിൽ പുനർചിന്തനം നടത്തണം. എയർപോർട്ട് ഉപയോഗിക്കുന്നവർക്കുള്ള ചാർജ്, കൂടുമ്പോൾ തീർച്ചയായും വിമാന ടിക്കറ്റ് നിരക്ക് കൂടും. അദാനിയെ പോലുള്ളവർക്ക് എയർപോർട്ട് നടത്തിപ്പിന് കൊടുക്കുമ്പോൾ ഇത്തരത്തിൽ ഇരുട്ടടി വരും എന്നുള്ള കാര്യം മുമ്പേ അറിയാമായിരുന്നു. അവർക്കുമേൽ കടിഞ്ഞാണിടാൻ ഗവൺമെന്റിന് ഒരു അധികാരവും ഇല്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നത്.വരും വർഷങ്ങളിലും യൂസർ ഫീ കുത്തനെ ഉയരും. എല്ലാ പ്രവാസികളും ഒറ്റക്കെട്ടായി ബന്ധപ്പെട്ട അധികാരികൾക്ക് ഇ-മെയിലുകൾ വഴി പ്രതിഷേധം അറിയിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.