മനാമ: ബഹ്റൈൻ ഇസ്ലാമിക് ബാങ്കും (ബിസ്ബി) അൽ നമൽ കോൺട്രാക്ടിങ് ആൻഡ് ട്രേഡിങ്ങും പങ്കാളിത്ത കരാർ ഒപ്പുവെച്ചു. അൽ നമൽ ഗ്രൂപ് ഡെവലപ് ചെയ്ത അൽ റയ്യാൻ വില്ലകൾ വാങ്ങാൻ താൽപര്യമുള്ളവർക്ക് പ്രത്യേക ഓഫറുകളാണ് ബിസ്ബി വാഗ്ദാനം ചെയ്യുന്നത്. മാസായ, തസ്ഹീൽ സോഷ്യൽ ഹൗസിങ് സ്കീമുകൾക്ക് കീഴിലെ ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന അസാധാരണമായ റിയൽ എസ്റ്റേറ്റ് ഓഫറുകളാണ് ബാങ്ക് നൽകുന്നത്.
ദേശീയ ഭവന പദ്ധതിയുടെ ഭാഗമായാണ് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുമായി ബിസ്ബി സഹകരിക്കുന്നത്. അൽ റയ്യാൻ വില്ലകൾ വാങ്ങാൻ താൽപര്യമുള്ളവർക്ക് ബാങ്ക് മികച്ച ഓഫറുകളാണ് നൽകുന്നത്. മാത്രമല്ല അവർക്ക് സൗജന്യ ഫയർ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നു. പ്രോജക്റ്റിലെ വില്ലകൾ വാങ്ങുമ്പോൾ, ഉപഭോക്താക്കൾക്ക് അൽ നമൽ നൽകുന്ന 500 ദിനാറും ലഭിക്കും. പണമായോ ഗിഫ്റ്റ് വൗച്ചറായോ ഇത് ലഭിക്കും.
രാജ്യത്തിന്റെ സാമ്പത്തിക കാഴ്ചപ്പാടിനനുസൃതമായി സ്വകാര്യമേഖല രാജ്യ വികസനത്തിൽ പ്രധാന ചാലകശക്തിയാണെന്നും ദേശീയ ഭവനപദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഭവനങ്ങൾ കണ്ടെത്തുന്നതിൽ ബാങ്ക് സഹായിക്കുമെന്നും മികച്ച ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നും ബിസ്ബി ചീഫ് റീട്ടെയിൽ ബാങ്കിങ് ഓഫിസർ ഫാത്തിമ അല്ലാവി പറഞ്ഞു. അൽ നമലുമായുള്ള സഹകരണം ഈ ദിശയിൽ വലിയ മുന്നേറ്റമുണ്ടാക്കും.
പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന വില്ലകളാണ് അൽ റയ്യാൻ പദ്ധതിയിൽ നിർമിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യകളും സജ്ജീകരിച്ച 237 വില്ലകളടങ്ങുന്നതാണ് പ്രോജക്റ്റ്. ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിഗത ബജറ്റിനും കുടുംബജീവിത ശൈലിക്കും അനുയോജ്യമായ വില്ല തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. 11 തരം വില്ലകൾ ഇങ്ങനെ തിരഞ്ഞെടുക്കാം. വില്ലയിൽ മൂന്നു മുതൽ നാലു വരെ കിടപ്പുമുറികൾ ഉൾപ്പെടുന്നു. മുന്നിലും പിന്നിലും ഔട്ട്ഡോർ ഏരിയയും ഇതിനൊപ്പമുണ്ട്. ഒപ്പം അതിമനോഹരമായ കാഴ്ചകളും ബീച്ചിന്റെ സാമീപ്യവും വില്ലകളെ ആകർഷകമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.