മനാമ: മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസത്തിന് വിരാമമിട്ട് അലാൻ മുഹമ്മദ് ഉസ്മാൻ (59) നാട്ടിലേക്കു മടങ്ങുന്നു. അൽമീർ ട്രേഡിങ്ങിൽ സെയിൽസ് സൂപ്പർവൈസറായാണ് ഇദ്ദേഹം ജോലിയിൽനിന്ന് വിരമിക്കുന്നത്. 1991ലാണ് തലശ്ശേരി സ്വദേശിയായ മുഹമ്മദ് ഉസ്മാൻ ബഹ്റൈനിലെത്തിയത്. ദേറിൽ ഒരു സൂപ്പർ മാർക്കറ്റിലായിരുന്നു ജോലി. മൂന്നു വർഷത്തിനുശേഷം മുഹറഖിൽ അൽമീറിൽ ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. അന്ന് ഈ വിഭാഗത്തിലെ ആദ്യ ജീവനക്കാരിൽ ഒരാളായിരുന്നു ഇദ്ദേഹം.
മൂന്നു പതിറ്റാണ്ടോളം നീണ്ട സേവനത്തിനിടെ അൽമീർ കുടുംബത്തിൽനിന്ന് ലഭിച്ച സ്നേഹവും കരുതലും വിലപ്പെട്ടതാണെന്നും അവരോട് തീർത്താൽ തീരാത്ത കടപ്പാടാണുള്ളതെന്നും മുഹമ്മദ് ഉസ്മാൻ പറഞ്ഞു. ദീർഘകാലത്തെ പ്രവാസജീവിതത്തിനിടയിൽ കേരള ഈസ്ലാമിക് ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനായും ഇദ്ദേഹം നിറഞ്ഞുനിന്നു. ഗൾഫ് മാധ്യമം ബഹ്റൈനിൽ ആരംഭിച്ചപ്പോൾ പത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ മികച്ച പിന്തുണ നൽകുകയും ചെയ്തു. തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോൾ ഫിനാൻഷ്യൽ ഹാർബർ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് ആദ്യ കാലങ്ങളിൽ നടക്കാൻ പോയിരുന്നതെന്ന് മുഹമ്മദ് ഉസ്മാൻ ഓർമിക്കുന്നു. അന്ന് അവിടെ കെട്ടിടങ്ങളൊന്നുമുണ്ടായിരുന്നില്ല. പിൽക്കാലത്ത് ബഹ്റൈനിലുണ്ടായ വികസനക്കുതിപ്പിന് സാക്ഷിയായാണ് ഇദ്ദേഹം പ്രവാസം അവസാനിപ്പിക്കുന്നത്. കൗലത്ത് ഉസ്മാനാണ് ഇദ്ദേഹത്തിെന്‍റ ഭാര്യ. തസ്കീന ഉസ്മാൻ, തഹ്മിൻ ഉസ്മാൻ, ഇഹ്സാൻ ഉസ്മാൻ, മുഹമ്മദ് സൈഹാൻ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.