മനാമ: രാജ്യത്തിന്റെ ശാസ്ത്ര സ്വപ്നങ്ങൾക്ക് ഗതിവേഗം നൽകി ചാന്ദ്രദൗത്യത്തിൽ പങ്കാളികളാകാൻ ബഹ്റൈൻ തീരുമാനിച്ചു. യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററുമായി (എം.ബി.ആർ.എസ്.സി) സഹകരിച്ച് ചാന്ദ്രപര്യവേക്ഷണം നടത്തുമെന്ന് ബഹ്റൈൻ നാഷനൽ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) പ്രഖ്യാപിച്ചു.
ബഹ്റൈൻ ഇന്റർനാഷനൽ എയർഷോയുടെ ഭാഗമായാണ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററുമായി എൻ.എസ്.എസ്.എ ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. എൻ.എസ്.എസ്.എ വികസിപ്പിച്ചെടുത്ത ഹൈടെക് നാവിഗേഷൻ കാമറകൾ ചാന്ദ്ര ദൗത്യത്തിന് സഹായകരമാകും.
ചന്ദ്രന്റെ പരുക്കൻ പ്രതലത്തിന് അനുയോജ്യമായ രീതിയിലാണ് ഈ റോവർ കാമറകൾ വികസിപ്പിച്ചിരിക്കുന്നത്. ഈ കാമറകൾ റോവറിന്റെ നാവിഗേഷനിൽ നിർണായക പങ്കു വഹിക്കും. ചന്ദ്രന്റെ ഉപരിതലം പരിശോധിക്കാനും മണ്ണിന്റെ സാമ്പിളുകൾ വിശകലനംചെയ്യാനും ഇത് സഹായകമാകും. ചന്ദ്രോപരിതലത്തിന്റെ സ്റ്റീരിയോസ്കോപ്പി ഇമേജുകൾ സൃഷ്ടിക്കാൻ രണ്ട് കാമറകൾ ഉപയോഗിക്കും.
മറ്റു രണ്ട് കാമറകൾ റോവറിന്റെ ചലനം നിരീക്ഷിക്കും.ചാന്ദ്ര പര്യവേക്ഷണത്തിനും മനുഷ്യദൗത്യങ്ങൾക്കും വേണ്ടിയുള്ള ആർട്ടെമിസ് ഉടമ്പടി ഒപ്പിട്ട രാജ്യമാണ് ബഹ്റൈൻ. ഈ ഉടമ്പടി യു.എസ് അടക്കമുള്ള രാജ്യങ്ങളുടെ സഹായവും സഹകരണവും ചാന്ദ്രദൗത്യങ്ങൾക്ക് ഉറപ്പുവരുത്തുന്നു.
മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററുമായുള്ള സഹകരണം സുപ്രധാനമായ ശാസ്ത്ര നേട്ടമാണെന്ന് എൻ.എസ്.എസ്എ സി.ഇ.ഒ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസീരി പറഞ്ഞു. ഈ നേട്ടം ബഹ്റൈനെ ശാസ്ത്രമേഖലയിൽ മികച്ച നേട്ടം കൈവരിക്കുക എന്ന ഹമദ് രാജാവിന്റെ ദർശനം സാക്ഷാത്കരിക്കുന്നതിലേക്ക് അടുപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.