മനാമ: അണ്ണാമലൈ സർവകലാശാല നടത്തുന്ന വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് അംഗീകാരമില്ലെന്ന യു.ജി.സിയുടെ അറിയിപ്പ് ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികളെയും ആശങ്കയിലാക്കി. കോഴ്സുകളുടെ ഭാവി എന്താകുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ഇവർ. അതേസമയം, കോഴ്സുകൾ നടത്താൻ ഹൈകോടതിയുടെ അനുമതി ഉണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സർവകലാശാല അറിയിച്ചു. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ വിദ്യാർഥികൾ അണ്ണാമലൈ യൂനിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് ചേർന്ന് പഠിക്കുന്നുണ്ട്. ബഹ്റൈനിൽ 200ഓളം വിദ്യാർഥികളാണ് പഠനം നടത്തുന്നത്. മറ്റ് ജി.സി.സി രാജ്യങ്ങളിലും നിരവധി വിദ്യാർഥികൾ ഈ യൂനിവേഴ്സിറ്റിയുടെ കോഴ്സുകളിൽ പ്രവേശനം നേടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 80,000ഓളം വിദ്യാർഥികളാണ് പഠിക്കുന്നത്.
സർവകലാശാലക്ക് ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് (ഒ.ഡി.എൽ) രീതിയിൽ കോഴ്സ് നടത്താൻ 2014-15 അധ്യയനവർഷം വരെ മാത്രമേ അനുമതി നൽകിയിട്ടുള്ളൂ എന്നാണ് യു.ജി.സി കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. മുൻകൂർ അനുമതിയില്ലാതെ അണ്ണാമല സർവകലാശാല നടത്തുന്ന കോഴ്സുകൾ അസാധുവാണെന്നും ഇതുവഴി വിദ്യാർഥികളുടെ കരിയറിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് സർവകലാശാല മാത്രമാകും ഉത്തരവാദിയെന്നും യു.ജി.സി വ്യക്തമാക്കുന്നു. ഒ.ഡി.എൽ രീതിയിൽ യൂനിവേഴ്സിറ്റി നടത്തുന്ന പ്രോഗ്രാമുകളിൽ പ്രവേശനം നേടരുതെന്നും യൂനിവേഴ്സിറ്റി മുന്നറിയിപ്പ് നൽകി.
സിംഗപ്പൂരിലുള്ള എച്ച്.എം.എച്ച്.ഐ.ഇ.സി എന്ന ഓവർസീസ് സെന്‍റർ മുഖേനയാണ് ഗൾഫ് രാജ്യങ്ങളിലെ സർവകലാശാലയുടെ പഠന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. യു.ജി.സി അറിയിപ്പിന്റെ പശ്ചാത്തലത്തിൽ എച്ച്.എം.എച്ച്.ഐ.ഇ.സിയെ ബന്ധപ്പെട്ടതായും ആശങ്കപ്പെടാനില്ലെന്നാണ് അവർ അറിയിച്ചതെന്നും ബഹ്റൈനിലെ പഠന കേന്ദ്രത്തിന്റെ പ്രതിനിധി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. വിഷയത്തിൽ മദ്രാസ് ഹൈകോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തതായി അണ്ണാമലൈ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ആർ.എം. കതിരേശൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെ 'നാക്' അക്രഡിറ്റേഷൻ സർവകലാശാലക്ക് ലഭിച്ചിരുന്നു. അതിന്റെ റിസൽട്ട് ഈ ആഴ്ച തന്നെ പുറത്തുവരും. അതിൽ ഉയർന്ന ഗ്രേഡ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ തടസ്സമുണ്ടാകില്ല.
ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തിവരുന്നത്. ഹൈകോടതി സ്റ്റേ നീക്കാത്തിടത്തോളം കോഴ്സുകൾക്ക് നിയമസാധുതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നാക്' സ്കോറിൽ 3.26ൽ താഴെയുള്ള സ്ഥാപനങ്ങൾക്ക് ഒ.ഡി.എൽ പ്രോഗ്രാമുകൾ നടത്താൻ യു.ജി.സി അനുമതി നിഷേധിച്ചിരുന്നു. അണ്ണാമലൈ സർവകലാലക്ക് 3.01 മുതൽ 3.25 വരെയുള്ള സ്കോറാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.