മനാമ: ശ്രീനാരായണ ഗുരുവിന്റെ 169ാമത് ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ ഗുരു രചിച്ച അനുകമ്പാദശകം ചൊല്ലി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. ‘‘പുരുഷാകൃതി പൂണ്ട ദൈവമോ, നരദിവ്യാകൃതി പൂണ്ട ധര്‍മമോ, പരമേശ പവിത്ര പുത്രനോ, കരുണാവാന്‍ നബി മുത്തുരത്നമോ’’ എന്ന അനുകമ്പാദശകത്തിലെ ശ്ലോകം മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും നാരായണഗുരു അത്രമാത്രം ആദരിച്ചിരുന്നു എന്നതിന്റെ ഉത്തമോദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹിക പരിഷ്കർത്താവ്, ആത്മീയ നേതാവ്, അധ്യാപകൻ, തത്ത്വചിന്തകൻ, പണ്ഡിതൻ എന്നിങ്ങനെ ബഹുവിധ മേഖലകളിൽ വ്യാപരിച്ചിരുന്ന ഗുരു മാനവികതയുടെ വക്താവായിരുന്നു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഗുരുവിന്റെ ജയന്തി ആഘോഷച്ചടങ്ങിലേക്ക് തന്നെ വിളിച്ചതിൽ സന്തോഷമുണ്ടെന്നും യൂസുഫലി പറഞ്ഞു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി വളരെയേറെക്കാലത്തെ ബന്ധമുണ്ട്.
കോവിഡ് കാലത്ത് പ്രതിസന്ധിയിലായ പ്രവാസികളെയടക്കം രക്ഷിക്കാൻ അദ്ദേഹം നടപടികൾ സ്വീകരിച്ചു. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശമാണ് ബഹ്റൈനും ഇന്ത്യയും എക്കാലത്തും പുലർത്തിയിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കുടുതൽ കൂടുതൽ ശക്തമാകട്ടെ എന്നാശംസിക്കുകയാണ്. ഹമദ് രാജാവിനും കിരീടാവകാശിക്കും ഇന്ത്യൻ സമൂഹത്തിന്റെ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.