മനാമ: അൽജീരിയയിൽ നടക്കുന്ന 15ാമത് അറബ് ഗെയിംസ് മൂന്നു ദിനങ്ങൾ പിന്നിടുമ്പോൾ ബഹ്റൈൻ മെഡൽ കൊയ്ത്ത് തുടരുന്നു. ആതിഥേയരായ അൽജീരിയക്ക് പിന്നിൽ രണ്ടാമതാണ് മെഡൽ പട്ടികയിൽ ബഹ്റൈന്റെ സ്ഥാനം. 14 സ്വർണവും ഏഴു വെള്ളിയും ഏഴു വെങ്കലവുമടക്കം 28 മെഡലുകളാണ് ഇതുവരെ നേടിയത്. ഒന്നാം സ്ഥാനത്ത് തുടരുന്ന അൽജീരിയക്ക് 34 സ്വർണവും 20 വെള്ളിയും 24 വെങ്കലവുമടക്കം 78 മെഡലുകളുണ്ട്.
തുനീഷ്യയാണ് മൂന്നാമത്.വനിതകളുടെ 200 മീറ്ററിൽ ഹജർ അൽഖൽഡി, വനിതകളുടെ 400 മീറ്റർ ഹർഡ്ൽസിൽ ഒലുവാക്കേമി അഡെക്കോയ, വനിതകളുടെ ഷോട്ട്പുട്ടിൽ നൂറ ജാസിം, പുരുഷന്മാരുടെ 5,000 മീറ്ററിൽ ബിർഹാനു ബാലെ എന്നിവർ അത്ലറ്റിക്സിൽ ബഹ്റൈനുവേണ്ടി സ്വർണം നേടി. വനിതകളുടെ 200 മീറ്ററിൽ എഡിദിയോങ് ഒഡിയോംഗും വനിതകളുടെ 800 മീറ്ററിൽ മാർട്ട യോട്ടയും വനിതകളുടെ 4x400 മീറ്റർ റിലേ ടീമും വെള്ളിമെഡലുകൾ കരസ്ഥമാക്കി.
വനിതകളുടെ 200 മീറ്റർ ഫൈനലിൽ 23.30 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ഹജർ വിജയിച്ചത്. എഡിഡിയോങ് 23.74 സെക്കൻഡിൽ റണ്ണറപ്പായി. മൊറോക്കോയുടെ സാറ എൽ ഹച്ചിമി 23.89 സെക്കൻഡിൽ മൂന്നാമതെത്തി.
വനിതകളുടെ 400 മീറ്റർ ഹർഡ്ൽസിൽ ഒലുവാക്കേമി 54.36 സെക്കൻഡിൽ ഓടിയെത്തി. മൊറോക്കോയുടെ നൂറ എന്നാദി 55.40 സെക്കൻഡിൽ വെള്ളിമെഡൽ നേടിയപ്പോൾ അമീനത്ത് 55.51 സെക്കൻഡിൽ വെങ്കലം നേടി. വനിതകളുടെ ഷോട്ട്പുട്ട് ഫൈനലിൽ ബഹ്റൈന്റെ നൂറ 15.89 മീറ്റർ എറിഞ്ഞ് സ്വർണം നേടി.
തുനീഷ്യയുടെ നാദ ചരൗഡി 13.96 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ അൽജീരിയയുടെ ലൈന ബെനൈബൗഷെ 13.64 മീറ്ററിൽ വെങ്കലം നേടി. പുരുഷൻമാരുടെ 5,000 മീറ്റർ ഫൈനലിൽ ബഹ്റൈന്റെ ബിർഹാനു ബാലെ സ്വർണം നേടി.
ബാലെ 14:21.89 മിനിറ്റിൽ ഫിനിഷ് ചെയ്തപ്പോൾ, മൊറോക്കോയുടെ ഹാഫിദ് റിസ്കി 14:23.32ൽ രണ്ടാം സ്ഥാനം നേടി. അൽജീരിയയുടെ സലിം കെദ്ദാർ 14:23.47ൽ മൂന്നാമതെത്തി. വനിതകളുടെ 800 മീറ്റർ ഫൈനലിൽ ബഹ്റൈന്റെ മാർട്ടയെ ഒരു സെക്കൻഡിന്റെ പത്തിലൊന്ന് സമയത്തിൽ മൊറോക്കോയുടെ അസിയ റാസിക്കി പരാജയപ്പെടുത്തി.
2:05.17 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി അസിയ റാസിക്കി സ്വർണം നേടിയപ്പോൾ 2:05.47 സെക്കൻഡിൽ മാർട്ട ഫിനിഷ് ചെയ്തു. വനിതകളുടെ 4x400 മീറ്റർ ഫൈനലിൽ, ബഹ്റൈൻ 3:37.73 സെക്കൻഡിൽ രണ്ടാമതെത്തി.
മൊറോക്കോ 3:35.80 സെക്കൻഡിൽ സ്വർണം നേടി. ക്വാർട്ടറിൽ ഒലുവാക്കേമി, അവ്തിഫ് അഹ്മദ്, അമിനത്ത്, സെനാബ് മഹമത്ത് എന്നിവരാണ് ബഹ്റൈനെ പ്രതിനിധാനം ചെയ്തത്.അൽജീരിയ, ബഹ്റൈൻ, കൊമോറോസ്, ജിബൂതി, ഈജിപ്ത്, ഇറാഖ്, ജോർഡൻ, കുവൈത്ത്, ലബനാൻ, ലിബിയ, മോറിത്താനിയ, മൊറോക്കോ, ഒമാൻ, ഫലസ്തീൻ, ഖത്തർ, സൗദി അറേബ്യ, സോമാലിയ, സുഡാൻ, സിറിയ, തുനീഷ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, യമൻ എന്നിങ്ങനെ 22 രാജ്യങ്ങളാണ് മീറ്റിൽ പങ്കെടുക്കുന്നത്. 20 കായിക ഇനങ്ങളാണ് ഗെയിമുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, ഫുട്ബാൾ, നീന്തൽ, ടെന്നിസ്, വോളിബാൾ, ഭാരോദ്വഹനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.