മനാമ: നടക്കാനിരിക്കുന്ന അറബ് ഉച്ചകോടി ഐക്യദാർഢ്യം ഉറപ്പിക്കാനും സമാധാനത്തിനുള്ള അഭിലാഷങ്ങൾ നിറവേറ്റാനും പ്രാദേശിക സുരക്ഷ സംരക്ഷിക്കാനും സഹായകമാകുമെന്ന് പ്രഖ്യാപനം. അബൂദബിയിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും നയതന്ത്ര പരിഹാരങ്ങൾക്കും ചർച്ചകൾക്കും മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടു. മേയ് 16ന് ബഹ്റൈനിൽ നടക്കുന്ന 33ാമത് അറബ് ഉച്ചകോടിയിൽ ഹമദ് രാജാവ് അധ്യക്ഷത വഹിക്കും.
അറബ് ഉച്ചകോടി അറബ് മേഖലയുടെ രാഷ്ട്രീയമായും സാമ്പത്തികവുമായ ശേഷികളെ ശക്തിപ്പെടുത്തുമെന്ന് ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.
മിഡിൽ ഈസ്റ്റ് മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാക്കാനും സൈനിക സംഘർഷം ഒഴിവാക്കാനും അവർ ആഹ്വാനം ചെയ്തു. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കാനും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുകയും അവർക്ക് തടസ്സങ്ങളില്ലാതെ മാനുഷിക സഹായം ഉറപ്പാക്കാനുമായി അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന് ഇരുവരും അഭ്യർഥിച്ചു.
മേഖലയിൽ സമാധാനം കൈവരിക്കുന്നതിന് ഫലപ്രദമായ അന്താരാഷ്ട്ര നടപടിയുടെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.