വാൽനക്ഷത്രം

 സാമന്ത്‌... എന്റെ വിളി കേട്ടപ്പോൾ തിരിഞ്ഞുനിന്നു. പിന്നെ ഞാൻ പോയോ എന്ന് വീണ്ടും നോക്കി... അതുകണ്ടപ്പോൾ എനിക്ക് ചിരിവന്നു... ഞാൻ കൈയാട്ടി വിളിച്ചപ്പോൾ ചിരിച്ചുകൊണ്ട് അവൻ ഓടി എന്റെ അരികിലേക്കു വന്നു. ഞാൻ അവനെ മോനൂന്ന് വിളിച്ചപ്പോൾ അവൻ ചിരിച്ചു. അതിനുമുമ്പേ അവൻ എന്നെ വല്ലാതെ നോക്കുന്നത് ഞാൻ കണ്ടതാണ്. അവൻ എന്റെ വിളിക്കായി കാത്തുനിന്നതോ അതോ, എന്തോ അറിയില്ല. എന്തായാലും വിളിച്ചപ്പോൾ ഓടി എന്റെ അടുത്തുവന്നു. ‘എപ്പഴാ ബന്നെ...’ ‘ഇപ്പോഴാണ് ബന്നെ...’ അവൻ പറഞ്ഞതുപോലെ ഞാനും പറഞ്ഞു. അവൻ എന്റെ അരികിലെത്തിയപ്പോൾ ഞാനിരുന്നു. അവൻ ചാടി എന്റെ മടിയിലും. എന്റെ കൂട്ടുകാരൻ ഷമീർ എന്നെ കണ്ടപ്പോൾ അവന്റെ കടയിൽനിന്ന് എനിക്കു തന്ന ഒരു ചോക്ലറ്റ് പോക്കറ്റിൽ ഉണ്ടായിരുന്നു. ഞാനത് അവന് കൊടുത്തു. ചോക്ലറ്റും കഴിച്ച് കാഴ്ചയും കണ്ട് പാവം എന്റെ അരികിൽതന്നെ ഇരുന്നു.

മുഷിഞ്ഞ വേഷം, മുഖമൊക്കെ വാടി, മുടികളൊക്കെ വല്ലാതെ ചിതറിക്കിടക്കുന്നു. എനിക്കു തോന്നി കുളിച്ചിട്ടുതന്നെ ഏതാണ്ട് മൂന്നാല് ദിവസമായിയെന്ന്. അതുപോലെ വല്ലാതെ വികൃതമാണ് അവൻ. എണ്ണമയം ആ ശരീരത്ത് ഒരിക്കലും കണ്ടിട്ടില്ല എന്നു തോന്നുന്നു. ഭൂമി ചൂടുകാലത്തുപോലെ വീണ്ടുകീറിയിരിക്കുന്നതുപോലെ ശരീരം. വല്ലാത്ത കഷ്ടം തോന്നി, അവനെ അടുത്ത് കണ്ടപ്പോൾ. ഒരു നിമിഷംകൊണ്ട് ഞാനവന്റെ ലോകമൊന്നു ചുറ്റിക്കണ്ടു. ആ ലോകം ഒരു നെറികെട്ട ലോകമായിരുന്നു. ഇന്ന് സാമന്തിനുള്ളത് അവന്റെ മുത്തശ്ശി മാത്രമാണ്. അവന്റെ അച്ഛൻ വേറെ കല്യാണം കഴിച്ചു. ദൂരെ എവിടെയോ ആണ്. അയാൾക്ക് സാമന്തിനെ വേണ്ട. അയാൾ സാമന്തിനെക്കുറിച്ച് പറയുന്നത് അവൻ എന്റെ മോനല്ല എന്നാണ്. എന്നാൽ, അമ്മയോ അത് മറ്റൊരു രീതി. അമ്മ അച്ഛൻ നാട്ടിലില്ലാത്ത സമയംകൊണ്ട് സ്വന്തം കുഞ്ഞിനെയും വീട്ടുകാരെയും നോക്കാതെ മറ്റൊരു അന്യപുരുഷനുമായി ബന്ധം തുടങ്ങി. അങ്ങനെ ഒന്നരവയസ്സ് പ്രായമുള്ള സാമന്തിനെ വീട്ടിൽ ഉപേക്ഷിച്ച് അവർ കാമുകനൊപ്പം പോയി.

ശരിക്കും സംസാരിക്കാൻ പോലും കഴിയാത്ത, മുലപ്പാലിന്റെ സ്നേഹവും മഹത്ത്വവും മാതാവിന്റെ കരുതലും അറിയാതെ മൂന്നരവയസ്സിലേക്ക് എത്തിയ കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഞാൻ വെറുതെ ഒന്ന് ചിന്തിച്ചുനോക്കി. നശിച്ച ലോകത്തേക്ക് അറിയാതെയെത്തിയ ഒരു വാൽനക്ഷത്രമാണ് സാമന്ത്‌. അവനെയും കൂട്ടി അവരുടെ വീട്ടിലേക്ക് ചെന്നു ‘ആരാ മോനേ...’ മുത്തശ്ശിയുടെ കണ്ണിന്റെ കാഴ്ചയും മങ്ങിത്തുടങ്ങി. ഈ കുഞ്ഞിന് എന്താണ് ഇവര് സത്യത്തിൽ കൊടുക്കുന്നത്. മുജ്ജന്മപാപമോ, ആ വീടിന്റെ അവസ്ഥ നോക്കി ഞാനെന്റെ തലയിൽ കൈവെച്ചു. മുത്തശ്ശി ഇത് ഞാനാണ് അറയ്ക്കലെ ജോയിടെ മൂത്തമോൻ. ‘ആരാന്നാ പറഞ്ഞത് കേട്ടില്ല.’ വീണ്ടും ഒന്നുകൂടെ ഉച്ചത്തിൽ പറഞ്ഞു ‘അറയ്ക്കലെ ജോയിടെ മൂത്തമകൻ’ ‘ആഹാ ആഹാ...’ ‘ആഹാ ഇപ്പോൾ കേട്ടു.’ പതുക്കെ സാമന്ത് എന്റെ കൈയിൽനിന്ന് മുത്തശ്ശിയുടെ അടുത്തേക്ക് പോയി. ‘അമ്മേ വെല്ലം’ അവന്റെ നാവുകൾ ശരിക്ക് സംസാരിക്കാൻപോലും വഴങ്ങുന്നില്ല. പാവം... അമ്മേ, അച്ഛാ... അമ്മൂമ്മേ എന്നൊക്ക വിളിക്കേണ്ട സമയത്ത് അതെങ്ങനെ വിളിക്കണമെന്ന് പറഞ്ഞുകൊടുക്കാൻ അവനാരും ഇല്ലാതെയായിപ്പോയി, കഷ്ടം. അവൻ മുത്തശ്ശിയെ പിടിച്ച് വീണ്ടും വെള്ളത്തിന് കേണു. അവർക്ക് ദേഷ്യം വന്നു. ‘’പോയി എടുത്തു കുടിക്ക് അസത്തെ.’ ഞാൻ നോക്കിയപ്പോൾ കൈയെത്തുന്നില്ല. പതുക്കെ അള്ളിപ്പിടിച്ച് ഗ്ലാസ്‌ എടുത്ത് വെള്ളത്തിന് കലത്തിലേക്ക് ഗ്ലാസ്‌ മുക്കിയപ്പോൾ ഗ്ലാസ് കലത്തിന്റെ ഉള്ളിൽ മുട്ടി ശബ്ദിച്ചു. അപ്പോൾ എനിക്ക് മനസ്സിലായി അതിലെ വെള്ളവും തീരാറായി.

ഇനി ഇവിടെ പൈപ്പിൽ നാളെയേ വെള്ളമെത്തൂ. ഇനി വെള്ളം വേണ്ടിവന്നാൽ അവൻ ആരോട് പറയും. സുലൈമാന്റെയും ഷാഹിറയുടെയും കല്യാണത്തിനുശേഷം ഏതാണ്ട് മൂന്നു മാസം മാത്രമാണ് അവര് ഒന്നിച്ചു താമസിച്ചത്. അതിനുശേഷം സുലൈമാൻ ഗൾഫിലും ഭാര്യ വീട്ടിലും. ഒരു സാധാരണ ജോലിയായതുകൊണ്ടാണ് സുലൈമാൻ അവളെക്കൂടെ ഗൾഫിലേക്കു കൊണ്ടുപോകാഞ്ഞത്. എവിടെതുടങ്ങി അവളുടെ പരപുരുഷബന്ധമെന്ന് വീട്ടുകാർക്ക് ആർക്കും അറിയില്ല. പലപ്രാവശ്യവും അവൾ വീട്ടിൽനിന്ന് പോയതായി അവന്റെ ഉമ്മ പറഞ്ഞിരുന്നു. ചോദിച്ചപ്പോഴൊക്കെ അവളുടെ വീടുകളാണെന്നാണ് ഉത്തരം പറഞ്ഞത്.

വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന അമ്മൂമ്മക്കും സാമന്ത്‌ എന്ന കുഞ്ഞ് ഇന്നൊരു ബാധ്യതയായി എന്ന് അവരുടെ സംസാരത്തിൽനിന്ന് മനസ്സിലായി. ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി, കുഞ്ഞിന്റെ സ്നേഹത്തിന് മുന്നിൽ ആരും തോറ്റുപോകും പക്ഷേ, മുത്തശ്ശിക്കുശേഷം എന്തായിരിക്കും അവന്റെ ജീവിതം. തെരുവോ, അതോ ഇന്നത്തെ മയക്കുമരുന്നും കഞ്ചാവും നിറഞ്ഞ ലോകത്തിലായിരിക്കുമോ. ആരുമില്ലാത്തവരെ തേടിയെത്തുന്നത് ഇന്ന് ഇവരാണല്ലോ. പിന്നീട് സംഭവിക്കുന്നത് അവർക്കും അറിയില്ല. അവരവരുടെ ആത്മസുഖത്തിനുവേണ്ടി പായുമ്പോൾ അവിടെ അച്ഛനോ മകനോ ഭാര്യയോ ബന്ധങ്ങളോ ഒന്നും ആരും ഓർക്കാറില്ല, ചിന്തിക്കാൻ സമയവുമില്ല. കാലം കലികാലം ആടുന്നു ഇവിടെ ചില മനുഷ്യകോലങ്ങൾ കാഴ്ചക്കാരായി മറ്റുചിലർ.

Tags:    
News Summary - arts club- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.