മനാമ: പാർലമെന്റ്, മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് ആരവത്തിലമർന്ന് രാജ്യം. 40 പാർലമെന്റ് മണ്ഡലങ്ങളിലേക്കും നാല് മുനിസിപ്പൽ കൗൺസിലുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത ശനിയാഴ്ചയാണ് വോട്ടെടുപ്പ്. നിലവിൽ പാർലമെന്റ് അംഗങ്ങളായ കൂടുതൽ പേരും മത്സര രംഗത്തുണ്ട്. കൂടാതെ പുതുമുഖങ്ങളും യുവജന സാന്നിധ്യവുംകൊണ്ട് തെരഞ്ഞെടുപ്പ് രംഗം കൊഴുക്കുകയാണ്. മുൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു തോറ്റവരും ഭാഗ്യപരീക്ഷണവുമായി കൂടെയുണ്ട്.
സാധ്യമായ എല്ലാ തരത്തിലുമുള്ള പ്രചാരണങ്ങളുമായി സ്ഥാനാർഥികൾ മത്സരത്തിന് വീറും വാശിയും നൽകുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് എല്ലാ സ്ഥാനാർഥികളും വ്യക്തിപരമായാണ് മത്സരിക്കുന്നത്. നേരത്തേ പാർട്ടി ബാനറിൽ മത്സരിച്ചിരുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ, പാർട്ടികളുടെ പ്രവർത്തനം മന്ദീഭവിച്ചതിനാൽ പാർട്ടികളോട് ആഭിമുഖ്യമുള്ളവരടക്കം സ്വതന്ത്രരായാണ് ജനവിധി തേടുന്നത്.
സമൂഹ മാധ്യമങ്ങൾ വഴിയും ബോർഡുകൾ സ്ഥാപിച്ചും വോട്ട് തേടുന്ന രീതിയാണുള്ളത്. കൂടാതെ പല സ്ഥാനാർഥികളും അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിൻ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേകം ഓഫിസുകളും ടെന്റുകളും സ്ഥാപിച്ച് പൊതുജനങ്ങളെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. ചെറുതും വലുതുമായ 18,000ത്തോളം ബോർഡുകളാണ് മുനിസിപ്പൽ അംഗീകാരത്തോടെ സ്ഥാനാർഥികൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ സ്ഥാനാർഥികളുടെ 225 തെരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രങ്ങളുമുണ്ട്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പരിശോധിക്കുന്നതിനുള്ള പ്രത്യേക ടീമിന് കീഴിൽ നിയമാനുസൃതമല്ലാതെ സ്ഥാപിച്ച 107 ബോർഡുകൾ നീക്കുകയും ചെയ്തു. 616 എണ്ണം നിയമങ്ങൾ പാലിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്തതായി പാർലമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പ് കോഓഡിനേറ്റർ ആസിം അബ്ദുല്ലത്തീഫ് അബ്ദുല്ല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.