മനാമ: ഇന്ത്യൻ സ്കൂളിനെതിരെ അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന സ്കൂളിെൻറ നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് വാർത്താകുറിപ്പില്‍ വ്യക്തമാക്കി. ഫീസടക്കാന്‍ കഴിയാത്ത കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽനിന്ന് പുറത്താക്കിയെന്നും അതിനോട് പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കിയെന്നുമാണ് പ്രചരിപ്പിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന്. വലിയ ഫീസ് കുടിശ്ശിക കാരണം സ്കൂളിൽനിന്ന് നിരവധി തവണ അറിയിച്ചിട്ടും അവരുടെ പരാതികൾ പരിഹരിക്കുന്നതിന് സ്കൂൾ മാനേജ്മെൻറിനെയോ അധ്യാപകരെയോ സമീപിക്കാത്ത മാതാപിതാക്കളുടെ കുട്ടികളെ മാത്രമാണ് കുറച്ച് ദിവസത്തേക്ക് ഓൺലൈൻ ക്ലാസുകളിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയത്.
കുടിശ്ശികയുടെ ഒരു ചെറിയ ഭാഗം അടക്കുകയോ അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ സ്കൂൾ അധികാരികളെ അറിയിക്കുകയോ ചെയ്താൽ ക്ലാസ് അവർക്ക് തുറന്നുകൊടുക്കുകയാണ് ചെയ്യുന്നത്. സ്കൂൾ നൽകുന്ന സൗകര്യങ്ങളെക്കുറിച്ച് സർക്കുലറുകളിലൂടെ മാതാപിതാക്കളെ നിരന്തരം അറിയിച്ചിരുന്നു. സ്കൂൾ ഫീസ് കുടിശിക തീർക്കാൻ സ്കൂൾ അധികൃതർ നിർബന്ധിച്ചതിനെ തുടർന്ന് മാതാപിതാക്കളിലൊരാൾ ആത്മഹത്യ ചെയ്തതായി വ്യാജ സന്ദേശം സോഷ്യൽ മീഡിയയിൽ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞ ആറുവർഷത്തിനിടെ അത്തരമൊരു സംഭവം നടന്നതായി അറിയില്ല. കോവിഡിെൻറ പശ്ചാത്തലത്തിൽ ഇന്ത്യൻ സ്കൂൾ ജീവനക്കാരുടെ ശമ്പളം നാലുമാസമായി നൽകുന്നില്ലെന്നാണ് മറ്റൊരു ആരോപണം. എന്നാൽ, 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെ എല്ലാ ജീവനക്കാർക്കും ശമ്പളത്തിെൻറ 75ശതമാനം നല്‍കിയിട്ടുണ്ട്. ഘട്ടംഘട്ടമായി ബാക്കി 25 ശതമാനം ശമ്പളം നല്കാന് നടപടി സ്വീകരിച്ചുവരുന്നു.
ഫീസ് ഇളവ് അനുവദിക്കുന്നതിൽ ചില അഴിമതികളുണ്ടെന്നും അതിനാൽ ആനുകൂല്യങ്ങൾ ലഭിച്ച കുട്ടികളുടെ പട്ടിക പരസ്യമാക്കണമെന്നും ചിലര്‍ വാദം ഉന്നയിക്കുന്നുണ്ട്.
വിവിധ കാരണങ്ങളാൽ സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് കുട്ടികൾ ഇന്ത്യന്‍ സ്കൂളിലുണ്ട്. വിശദമായ പരിശോധനക്ക് ശേഷം സ്കൂൾ നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ യോഗ്യതയുള്ള എല്ലാ വിദ്യാർഥികൾക്കും ഫീസ് ഇളവ് നൽകുന്നുണ്ട്. ഇന്ത്യൻ സ്കൂളിെൻറ സൽപ്പേരിന് കളങ്കം വരുത്താനുള്ള ശ്രമത്തിെൻറ ഭാഗമാണ് സ്കൂളിന് എതിരായ പ്രചാരണം. രാഷ്ട്രീയ ആവശ്യങ്ങൾക്കോ മറ്റു സ്വാർഥപരമായ കാരണങ്ങൾക്കോ വേണ്ടി മികച്ച പഠന കേന്ദ്രമായ ഇന്ത്യൻ സ്കൂളിെൻറ പ്രതിച്ഛായ കളങ്കപ്പെടുത്തരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.