മനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ 15 വരെ സാഖീർ എയർ ബേസിൽവെച്ച് നടക്കും. ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിലും രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലുമായിരിക്കും പരിപാടി നടക്കുക.
ബഹ്റൈൻ ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം, റോയൽ ബഹ്റൈൻ എയർഫോഴ്സ്, ഫാർൺബറോ ഇന്റർനാഷനൽ എന്നിവയുടെ സഹകരണത്തോടെയാണ് ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ (ബി.ഐ.എ.എസ്) 2024 സംഘടിപ്പിക്കുന്നത്. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയവും ഗൾഫ് എയർ ഗ്രൂപ് ഹോൾഡിങ് കമ്പനിയും (ജി.എഫ്.ജി) എയർഷോ സ്പോൺസർഷിപ് കരാറിൽ ഒപ്പുവെച്ചു.
2010ലാണ് എയർഷോ ആരംഭിച്ചത്. 2011 മുതൽ രാജ്യത്ത് രണ്ടു വർഷത്തിലൊരിക്കൽ ഈ ഷോ നടത്തിവരുകയാണ്.
ഏഴാം തവണയും ബഹ്റൈനിൽതന്നെ എയർഷോ നടക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ ഡയറക്ടർ ജനറൽ യൂസിഫ് മഹ്മൂദ് പറഞ്ഞു. ഈ വർഷം നവംബറിൽ ബഹിരാകാശ, പ്രതിരോധ മേഖലകളിലേക്ക് തങ്ങളുടെ വാതായനങ്ങൾ തുറക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെമ്പാടുമുള്ള രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളും അവരുടെ വ്യോമ ഗതാഗത സംരംഭങ്ങളുമടക്കം പ്രദർശിപ്പിക്കുന്ന എയർ ഷോയിൽ വിമാനങ്ങളുടെ വ്യാപാരങ്ങളടക്കം നടക്കും.
ഇത് രാജ്യത്തിന് വലിയ സാമ്പത്തിക ലാഭം നേടിയെടുക്കാൻ കഴിയുന്ന ഒരു പരിപാടിയായാണ് കണക്കാക്കുന്നത്. എയർ ഷോയിൽ ഇന്ത്യയിൽ നിന്നുള്ള വ്യോമ, പ്രതിരോധ സംവിധാനങ്ങളുടെ പ്രദർശനവും ഉണ്ടാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.