മനാമ: ബഹ്റൈൻ അന്താരാഷ്ട്ര എയർഷോയുടെ ആറാമത് പതിപ്പിന് ബുധനാഴ്ച സഖീർ എയർബേസിൽ തുടക്കമാകും. യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള വ്യോമ മേഖലയിലെ വമ്പന്മാരുടെ പ്രകടനങ്ങൾക്ക് വേദിയാകുന്ന എയർഷോ കാണികൾക്ക് മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 100 സൈനിക, സൈനികേതര പ്രതിനിധി സംഘങ്ങൾ മൂന്നു ദിവസത്തെ എയർഷോയിൽ പങ്കെടുക്കും.
14,000 ചതുരശ്ര മീറ്റർ പ്രദേശത്ത് നടക്കുന്ന ഷോയിൽ വ്യോമയാന രംഗത്തെ 120ഓളം കമ്പനികളും പങ്കെടുക്കുന്നുണ്ട്. ബഹ്റൈന് പുറമെ, അഞ്ച് രാജ്യങ്ങളുടെ പവലിയനുകളുമുണ്ടാകും. മേഖലയിലെ വ്യോമയാന രംഗത്തെ പ്രമുഖ കമ്പനികളെ പരിചയപ്പെടുത്തുന്നതിനുള്ള അവസരമാണ് എയർഷോ ഒരുക്കുന്നത്. സൗദിയിൽനിന്നും യു.എ.ഇയിൽനിന്നുമുള്ള നിരവധി കമ്പനികളും എത്തുന്നുണ്ട്.
കുടുംബങ്ങളുമായെത്തി എയർഷോ ആസ്വദിക്കുന്നതിന് ഫാമിലി ഏരിയ ടിക്കറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനിലൂടെയുള്ള ഫാമിലി ഏരിയ ടിക്കറ്റ് വിൽപന അവസാനിച്ചെങ്കിലും പോസ്റ്റ് ഓഫിസുകളിൽനിന്ന് ഇനിയും ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. പൊതുജനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലായിരിക്കും. അവിടെനിന്ന് ഷട്ടിൽ ബസുകളിൽ എയർഷോ നടക്കുന്ന സ്ഥലത്ത് എത്തിക്കും.
മൂന്നു ദിവസത്തെ പരിപാടിയിൽ ഫാമിലി ഏരിയ സോൺ രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ പ്രവർത്തിക്കും. വ്യോമാഭ്യാസ പ്രകടനങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നതിനൊപ്പം, ഹെറിറ്റേജ് വില്ലേജ്, ലൈവ് സംഗീത പരിപാടി, ഫുഡ് ഫെസ്റ്റിവൽ, റൈഡുകൾ തുടങ്ങിയവയെല്ലാം ഫാമിലി ഏരിയയിൽ ഒരുക്കിയിട്ടുണ്ട്.
ബഹ്റൈനിലെ നാടൻ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, കുട്ടികൾക്കായി ഫേസ് പെയിന്റിങ്, കാർട്ടൂൺ കഥാപാത്രങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഗെയിമുകൾ തുടങ്ങിയ വൈവിധ്യമാർന്ന വിനോദ പരിപാടികളുമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.