മനാമ: ബഹ്റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023’ ഇന്ത്യൻ ക്ലബിൽ നവംബർ 14 മുതൽ 19 വരെ നടക്കും. BWF & ബാഡ്മിന്റൺ ഏഷ്യയുടെ അംഗീകാരത്തോടെ ബഹ്റൈൻ ബാഡ്മിന്റൺ & സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ചാണ് മത്സരം.
26 രാജ്യങ്ങളിൽനിന്നുള്ള 200ലധികം അന്താരാഷ്ട്ര റാങ്കുള്ള കളിക്കാർ പങ്കെടുക്കുമെന്ന് ഇന്ത്യൻ ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽനിന്നാണ് ഏറ്റവും കൂടുതൽ കളിക്കാർ പങ്കെടുക്കുന്നത്. ബഹ്റൈൻ കളിക്കാർക്കു പുറമേ, ആസ്ട്രേലിയ, ബൾഗേറിയ, കാനഡ, ചൈന, ഡച്ച്, ഫിൻലൻഡ്, ഇന്തോനേഷ്യ, ഇറാഖ്, ഇറാൻ, ജപ്പാൻ, സൗദി അറേബ്യ, മലേഷ്യ, നേപ്പാൾ, നൈജീരിയ, സ്പെയിൻ, സിറിയ, തായ്ലൻഡ്, ശ്രീലങ്ക, യു.എസ്.എ, യു.എ.ഇ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര കളിക്കാരും പങ്കെടുക്കും.പുരുഷ സിംഗ്ൾസ്, വനിത സിംഗ്ൾസ്, പുരുഷ ഡബ്ൾസ്, വനിത ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് എന്നിങ്ങനെ എല്ലാ പ്രധാന വിഭാഗങ്ങളും ടൂർണമെന്റിലുണ്ടാകും.
ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക 5000 യു.എസ് ഡോളറാണ്. ഇന്ത്യൻ ക്ലബിലെ രണ്ട് അന്താരാഷ്ട്ര നിലവാരമുള്ള കോർട്ടുകളിൽ എല്ലാ ദിവസവും രാവിലെ ഒമ്പതിന് മത്സരങ്ങൾ ആരംഭിക്കും.
രാത്രി ഒമ്പതിന് അവസാനിക്കും. നവംബർ 19 നാണ് ഗ്രാൻഡ് ഫൈനൽ.സ്കോർ അപ്ഡേറ്റുകളും മത്സരങ്ങളുടെ വിശദാംശങ്ങളും ടൂർണമെന്റിന്റെ എല്ലാ വാർത്തകളും ഇന്ത്യൻ ക്ലബിന്റെ ഫേസ്ബുക്ക് പേജിൽ പതിവായി പോസ്റ്റ് ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്, ക്ലബ് ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. 39623936, ബാഡ്മിന്റൺ സെക്രട്ടറി അരുണാചലം ടി. 35007544, ടൂർണമെന്റ് ഡയറക്ടർ സി.എം. ജൂനിത്ത് 66359777 എന്നിവരുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.