മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ തുടരുന്ന ഓണാഘോഷ പരിപാടിയിൽ വെള്ളിയാഴ്ച അഭൂതപൂർവമായ ജനത്തിരക്ക്. വെള്ളിയാഴ്ച നടന്ന പൊതുയോഗത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ് മുഖ്യാതിഥിയായിരുന്നു. അന്തരിച്ച മലയാള സിനിമതാരം കവിയൂർ പൊന്നമ്മക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തുടങ്ങിയ യോഗത്തിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബി.കെ.എസ് കഥാ കുലപതി പുരസ്കാരം മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭന് ഇന്ത്യൻ അംബാസഡർ സമ്മാനിച്ചു.
മറുപടി പ്രസംഗം നടത്തിയ ടി. പത്മനാഭൻ സമാജത്തിൽ തുടർച്ചയായ തന്റെ സന്ദർശനങ്ങളെയും ഹൃദയസ്പർശിയായ അനുഭവങ്ങളെക്കുറിച്ചും വാചാലനായി. ബഹ്റൈനിലെ കേരളീയ സമാജം പ്രവർത്തനങ്ങൾ മാതൃകയാക്കപ്പെടേണ്ടതാണെന്നും പി.വി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലെ മികച്ച പ്രവർത്തന പൈതൃകം തുടർന്നുകൊണ്ടുപോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബഹ്റൈൻ കേരളീയ സമാജത്തിൽ നിന്നുള്ള ബന്ധങ്ങളുടെ ഊഷ്മളത തന്നെ ഒരു കഥ എഴുതാൻ നിർബന്ധിതനാക്കിയതും അദ്ദേഹം ഓർത്തെടുത്തു. വെള്ളിയാഴ്ച രാവിലെ നടന്ന പൂക്കള മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും ശ്രാവണം 2024 കൺവീനർ വർഗീസ് ജോർജ് നന്ദിയും പറഞ്ഞു.
തുടർന്ന് തെന്നിന്ത്യയുടെ വാനമ്പാടി കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ നടന്ന ഭാവഗീതങ്ങൾ എന്ന സംഗീത നിശയിൽ മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നീ പ്രശസ്ത ഗായകർ പങ്കെടുത്തു. രവീന്ദ്രൻ മാസ്റ്ററുടെയും ജോൺസൺ മാസ്റ്ററുടെയും ഗാനങ്ങൾ മാത്രം കോർത്തിണക്കി അവതരിപ്പിച്ച പരിപാടി കാണാൻ ഏറെ വൈകിയും ജനങ്ങൾ ക്ഷമയോടെ കാതോർത്തിരുന്നു. സമാജം ഡി.ജെ ഹാളിലും സമാജം അങ്കണത്തിലും അഭൂതപൂർവമായ ജനത്തിരക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.