മനാമ: സൗദി മീഡിയ ഫോറം 2024ൽ ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമി പങ്കാളിയായി. റിയാദിൽ സംഘടിപ്പിച്ച ഫോറം ‘മീഡിയ ലോകത്തെ രൂപപ്പെടുത്തുന്നു’ എന്ന പ്രമേയത്തിലായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവരും വിദഗ്ധരുമടക്കം 3,000ത്തോളം പേരാണ് മൂന്ന് ദിവസം നീണ്ട ഫോറത്തിൽ പങ്കെടുത്തത്.
മേഖലയിലെ മാധ്യമരംഗത്ത് നേതൃപരമായ പങ്ക് വഹിക്കുന്ന രാജ്യമായ സൗദി ഇത്തരമൊരു ഫോറത്തിന് വേദിയായത് എന്തുകൊണ്ടും പ്രശംസനീയമാണെന്ന് ഡോ. റംസാൻ വ്യക്തമാക്കി. മാധ്യമരംഗത്ത് വൈവിധ്യമാർന്നതും നവങ്ങളുമായ ഒട്ടേറെ പരീക്ഷണങ്ങൾ ഇതിനോടകം സൗദിക്ക് നടത്താൻ കഴിഞ്ഞിട്ടുണ്ട്. അറബ്, ജി.സി.സി മേഖലയിലെ അനുഭവ സമ്പത്തും പ്രഫഷനലിസവും വിളക്കിച്ചേർക്കാനുതകുന്ന ഫോറമാണ് ഇക്കുറി നടന്നത്. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ വിദഗ്ധാഭിപ്രായങ്ങളും വിവിധതലങ്ങളിലുള്ള പഠനങ്ങളും പങ്കുവെക്കാൻ വ്യത്യസ്തമായ സെഷനുകളിലൂടെ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമമേഖലയിൽ പുതുമയും ആധുനികതയും ഉൾച്ചേർക്കുന്നതിന് ഇത്തരത്തിലുള്ള ഫോറത്തിലൂടെ സാധ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.