മനാമ: ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന പാലം - ദി ബ്രിഡ്ജ് അറബ് കേരള സാംസ്ക്ാരികോത്സവം വ്യാഴാഴ്ച് തുടങ്ങും. ബഹ്റൈനിലെ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം, കേരള തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, ബഹ്റൈൻ സാമൂഹിക ക്ഷേമ മന്ത്രാലയം അണ്ടർ സെക്രട്ടറി, മനാമയിൽനിന്നുള്ള ബഹ്റൈൻ പാർലമെന്റ് അംഗം എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രവാസി ഭാരതീയ പുരസ്ക്കാര ജേതാവ് കെ.ജി. ബാബുരാജനെ ചടങ്ങിൽ ആദരിക്കും.
വ്യാഴാഴ്ച വൈകീട്ട് ഏഴിന് ബഹ്റൈൻ കേരളീയ സമാജം അങ്കണത്തിൽ പരിപാടികൾ ആരംഭിക്കും. സന്തോഷ് കൈലാസ് നേതൃത്വം നൽകുന്ന പഞ്ചാരി മേളത്തോട് കൂടിയാണ് അരങ്ങ് ഉണരുന്നത്.
തുടർന്ന് ബഹ്റൈനിലെ അറിയപ്പെടുന്ന നൃത്ത സംവിധായികയും നർത്തകിയുമായ വിദ്യ ടീച്ചറുടെ നേതൃത്വത്തിൽ മോഹിനിയാട്ടവും ഐശ്വര്യ രജ്ഞിത് നേതൃത്വം നൽകുന്ന അറബിക് ഡാൻസ് എന്നിവ അരങ്ങേറും. തുടർന്ന് ജി.സി.സി യിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന സമീർ ബിൻസി ഇമാം മജ്ബൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സൂഫി സംഗീതം അരങ്ങേറും ഹിന്ദി, അറബിക്, പേർഷ്യൻ, ഉർദു, മലയാളം എന്നീ ഭാഷയിലുള്ള ഈ ഗ്രൂപ്പിന്റെ സംഗീതം ബഹ്റൈനിലെ എല്ലാതരം ഭാഷാ സംഗീത ആസ്വാദകരെയും സംതൃപ്തിപ്പെടുത്തുമെന്ന് സംഘാടകർ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് രണ്ടാം ദിവസത്തെ പരിപാടികൾ ആരംഭിക്കും. വിവിധ അറബിക് ബാന്റുകൾ, ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരൻമാരുടെ നേതൃത്വത്തിലെ നൃത്തം, പ്രതിഭ സ്വരലയ, മനാമ -മുഹറഖ് എന്നീ മേഖലക്ക് കീഴിലെ സംഗീത ബാന്റുകൾ അവതരിപ്പിക്കുന്ന ഫ്യൂഷൻ എന്നിവ അരങ്ങേറും. ബഹ്റൈൻ തനത് കലകൾകൊപ്പം സഹൃദയ നാടൻ പാട്ട് സംഘവും അണിനിരക്കും.
പ്രതിഭ അംഗങ്ങളും, സൗഹൃദ സംഘങ്ങളും അണിയിച്ചൊരുക്കുന്ന പൂരക്കളി, തോറ്റം, തെയ്യം, ഒപ്പന, പടയണി, ദഫ് മുട്ട്, കോൽക്കളി, കുട്ടികളുടെ പരിപാടികൾ, ചാക്യാർ കൂത്ത്, ഓട്ടം തുള്ളൽ, പാവ നാടകം എന്നിവയും അരങ്ങേറും, സമാജത്തിന്റെ അങ്കണത്തിൽ ഒരുക്കുന്ന ബേക്കൽ കോട്ട, മിഠായിത്തെരുവ്, ജൂത തെരുവ്, തിരുവനന്തപുരം പാളയം, ബാബുൽ ബഹ്റൈൻ എന്നീ ഇടങ്ങൾ സന്ദർശിക്കാം.
വിവിധ ഫുഡ് സ്റ്റാളുകൾ, വനിത ചിത്ര കരകൗശല പ്രദർശനം, ഫോട്ടോ ഗ്രാഫി പ്രദർശനം, ബഹ്റൈൻ - ഇന്ത്യൻ ശില്പികളുടെ ശില്പ പ്രദർശനം, ശാസ്ത്ര സ്റ്റാളുകൾ, മാജിക് കോർണർ, സൈക്കിൾ ബാലൻസ് എന്നീ കലാ പരിപാടികളും ഉണ്ടായിരിക്കും. വൈകീട്ട് നാലിന് അരങ്ങേറുന്ന സാംസ്ക്കാരിക ഘോഷയാത്രയിൽ പ്രതിഭയുടെ 26 യുനിറ്റുകൾ, അതിന്റെ 13 സബ് കമ്മിറ്റികൾ എന്നിവ ചേർന്ന് കേരള സാംസ്കാരിക ചരിത്രം അവതരിപ്പിക്കും. വൈകീട്ട് ആറിന് നടക്കുന്ന സമാപന പരിപാടിയിൽ മന്ത്രി എം.ബി രാജേഷ്, ബഹ്റൈനിലെ സാംസ്ക്കാരിക ഭരണ നേതൃത്വത്തിലെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
രാത്രി എട്ടിന് അരങ്ങേറുന്ന ഗ്രാൻറ് ഫിനാലെയിൽ കടുവ ഫെയിം അതുൽ നറുകര പ്രസീദ, ചാലക്കുടി എന്നിവരുടെ സംഘം ഒരുക്കുന്ന കോംബോ സംഗീത വിരുന്നും ഉണ്ടായിരിക്കും. ചെയർമാൻ പി. ശ്രീജിത്, ജനറൽ കൺവീനർ സുബൈർ കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ അടങ്ങിയ 201 അംഗ സംഘാടക സമിതിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്. പരിപാടികളിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.