മനാമ: പ്രഥമ ബഹ്റൈൻ സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ രാജ്യം ഒരുങ്ങി. വ്യാഴാഴ്ച വൈകീട്ട് ബഹ്റൈനിൽ എത്തുന്ന മാർപാപ്പ നവംബർ ആറുവരെ പര്യടനം തുടരും. 'കിഴക്കും പടിഞ്ഞാറും മാനവിക സഹവർത്തിത്വത്തിന്' എന്നപേരിൽ സംഘടിപ്പിക്കുന്ന ബഹ്റൈൻ ഡയലോഗ് ഫോറമാണ് മാർപാപ്പയുടെ സന്ദർശനത്തിലെ മുഖ്യ പരിപാടി. നവംബർ നാലിന് സംഘടിപ്പിക്കുന്ന മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് യോഗത്തിൽ ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും സംയുക്ത അധ്യക്ഷത വഹിക്കും. 2013 മാർച്ച് 13ന് മാർപാപ്പയായി ചുമതലയേറ്റ ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുന്ന ഏഴാമത്തെ അറബ് രാജ്യമാണ് ബഹ്റൈൻ.
സമാധാനത്തിെന്റയും സാഹോദര്യത്തിെന്റയും സന്ദേശവുമായി ഇതിനകം 57 ലോകരാജ്യങ്ങൾ മാർപാപ്പ സന്ദർശിച്ചുകഴിഞ്ഞു. വ്യത്യസ്ത മതങ്ങൾ തമ്മിലുള്ള ഐക്യവും ബന്ധവും ഊട്ടിയുറപ്പിക്കുന്നതിന് അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് വിവിധ രാജ്യങ്ങളിലേക്കുള്ള സന്ദർശനം. അഭയാർഥികളോടുള്ള അദ്ദേഹത്തിെന്റ അനുകമ്പയും ലോകശ്രദ്ധ നേടിയതാണ്.
2014ൽ ജോർഡനാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ച ആദ്യ അറബ് രാഷ്ട്രം. അമ്മാൻ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ കുർബാന അർപ്പിച്ച അദ്ദേഹം നിരവധി ക്രിസ്ത്യൻ ചരിത്ര സ്മാരകങ്ങളും സന്ദർശിച്ചു.
തുടർന്ന്, ഫലസ്തീനിലേക്കായിരുന്നു അദ്ദേഹത്തിെന്റ രണ്ടാമത്തെ സന്ദർശനം. വെസ്റ്റ് ബാങ്കിന് തെക്കുള്ള ചരിത്ര നഗരമായ ബെത്ലഹേമും അദ്ദേഹം സന്ദർശിച്ചു. തിരിപ്പിറവി ദേവാലയത്തിെന്റ മുറ്റത്ത് കുർബാന അർപ്പിച്ച അദ്ദേഹം സമാധാനത്തിെന്റയും ശാന്തിയുടെയും സന്ദേശമാണ് ഉയർത്തിയത്. 2017ൽ ഈജിപ്താണ് അദ്ദേഹം സന്ദർശിച്ച മൂന്നാമത്തെ അറബ് രാഷ്ട്രം. 2000ത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഈജിപ്ത് സന്ദർശിച്ച് 17 വർഷങ്ങൾക്കുശേഷമാണ് മറ്റൊരു മാർപാപ്പ അവിടെ എത്തുന്നത്. അൽ അസ്ഹർ ഗ്രാൻഡ് ഇമാമും മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് അധ്യക്ഷനുമായ ഡോ. അഹ്മദ് അൽ ത്വയ്യിബുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
അൽ അസ്ഹർ ലോക സമാധാന കോൺഫറൻസിലും അദ്ദേഹം പങ്കെടുത്തു. 2019 ഫെബ്രുവരിയിൽ യു.എ.ഇ ആണ് മാർപാപ്പ സന്ദർശിച്ച നാലാമത്തെ അറബ് സന്ദർശനം. 2019 സഹിഷ്ണുതയുടെ വർഷമായി യു.എ.ഇ ആചരിച്ചപ്പോൾ തന്നെയാണ് മാർപാപ്പയുടെ സന്ദർശനവും നടന്നത്. ഒരു മാസത്തിനുശേഷം മൊറോകോയിലേക്കാണ് അഞ്ചാമത് യാത്ര നടത്തിയത്. 1985ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കാസാബ്ലാങ്കയിൽ എത്തി 34 വർഷത്തിനുശേഷമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം.
2021 മാർച്ചിൽ ഇറാഖിലേക്കുള്ള സന്ദർശനം ചരിത്രം കുറിക്കുന്നതായിരുന്നു. അബ്രഹാം പ്രവാചകെന്റ ജന്മസ്ഥലത്തും ചരിത്രനഗരമായ ഊറിലും അദ്ദേഹം സന്ദർശനം നടത്തി. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ഐക്യവും സഹവർത്തിത്വവുമാണ് മനുഷ്യരാശിയുടെ പുരോഗതിയിലേക്കും മുന്നേറ്റത്തിലേക്കുമുള്ള ഏക മാർഗമെന്ന് ഇറാഖിലെ സന്ദർശനം പൂർത്തിയാക്കിയ വേളയിൽ നൽകിയ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.