മനാമ: കിഴക്കും പടിഞ്ഞാറും മാനവിക സഹവർത്തിത്വത്തിന് എന്ന പ്രമേയത്തിൽ ആരംഭിച്ച സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വിവിധ മതനേതാക്കളുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി.
ശൈഖ് ഹമദ് പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ, സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത കിരീടാവകാശി വ്യക്തമാക്കി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടുകളുടെ അടിസ്ഥാന ശിലയായ ബൗദ്ധികവും മതാത്മകവുമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരിക വൈവിധ്യങ്ങളോടുള്ള ബഹ്റൈനി പൗരന്മാരുടെ തുറന്ന കാഴ്ചപ്പാടും എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സും സുവ്യക്തമാണ്. വിവിധ ദേശക്കാരും ഭാഷക്കാരുമായവർക്ക് അഭയം നൽകാനും മതസൗഹാർദത്തിന്റെ വിളനിലമാകാനും ബഹ്റൈനെ പര്യാപ്തമാക്കിയത് ഈ നിലപാടുകളാണ്.
വരുംകാലങ്ങളിലും ബഹ്റൈൻ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും കേന്ദ്രമായി തുടരും. വിവിധ വിശ്വാസങ്ങളെ ആദരിക്കാനും അംഗീകാരിക്കാനും ആശയങ്ങൾ പരസ്പരം കൈമാറ്റം ചെയ്യാനും ഉതകുന്ന സമ്മേളനങ്ങൾ തുടർന്നും സംഘടിപ്പിക്കും. മേഖലയിലും ആഗോള തലത്തിലും സമാധാനവും സുസ്ഥിരതയും ശക്തിപ്പെടുത്താൻ ബഹ്റൈൻ മികച്ച സംഭാവനകൾ നൽകിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും ആഗോളതലത്തിലെ വെല്ലുവിളികൾക്കിടയിലും സമാധാനത്തിന്റെ സന്ദേശം പ്ര സരിപ്പിക്കാനും മതാന്തര സമ്മേളനം വഴിയൊരുക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.