മനാമ: ബഹ്റൈൻ ആഗ്രഹിക്കുന്നത് അയൽ രാജ്യങ്ങളുമായി തുറന്ന സൗഹൃദമാണെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വ്യക്തമാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ സ്വീകരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളും സാമ്പത്തികരംഗത്തെ മാറ്റങ്ങളും രാജ്യത്തിന് എങ്ങനെ ഗുണകരമാക്കാൻ കഴിയുമെന്ന ആശയങ്ങളും പങ്കുവെച്ചു. സമാധാനം കൈവരിക്കുന്നതിന് സൗഹൃദപരമായ ബന്ധങ്ങളാണുണ്ടാവേണ്ടതെന്നും വിവിധ രാജ്യങ്ങളുമായി അത്തരത്തിലുള്ള രീതിയാണ് ബഹ്റൈൻ അവലംബിക്കുന്നതെന്നും ഹമദ് രാജാവ് പറഞ്ഞു.
ലോകത്ത് സമാധാനപൂർണമായ അന്തരീക്ഷമുണ്ടാവണമെന്നും തീവ്രവാദവും ഭീകരതയും അവസാനിക്കേണ്ടതുമുണ്ട്. മാനവികത, സഹവർത്തിത്വം, സാഹോദര്യം എന്നിവ എല്ലാ പ്രതിസന്ധികൾക്കും പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു. യു.എൻ അടിസ്ഥാനങ്ങൾ പാലിക്കാനും ഇതര രാഷ്ട്രങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതിരിക്കാനും സാധിക്കുന്ന അവസ്ഥ സംജാതമാകേണ്ടതുണ്ട്. പരസ്പര സഹകരണവും സംവാദവും പ്രശ്ന പരിഹാരങ്ങൾക്ക് വഴിയായി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.