മനാമ: രാജ്യത്ത് ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരിഷ്കരിച്ച നടപടിക്രമങ്ങൾ നിലവിൽ വന്നു. ദേശീയ പോർട്ടലായ bahrain.bh മുഖേന സേവനങ്ങൾ ലഭ്യമാക്കാമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി അറിയിച്ചു.പോർട്ടലിന്റെ ഹോംപേജ് സന്ദർശിച്ച് ഇൻഫർമേഷൻ ഗൈഡിൽ ഫാമിലി ആൻഡ് റിലേഷൻഷിപ്സ് വിഭാഗം തെരഞ്ഞെടുത്താൽ പുതിയ സേവനങ്ങളെക്കുറിച്ച് അറിയാം.നിയമപ്രകാരം, സ്വദേശികളും പ്രവാസികളും രാജ്യത്ത് നടക്കുന്ന ജനനങ്ങൾ 15 ദിവസത്തിനുള്ളിലും മരണങ്ങൾ 72 മണിക്കൂറിനുള്ളിലും റിപ്പോർട്ട് ചെയ്യണം. സ്വദേശികൾ വിദേശത്ത് നടക്കുന്ന ജനന, മരണങ്ങൾ 60 ദിവസത്തിനകം റിപ്പോർട്ട് ചെയ്യണം. നിശ്ചിത കാലയളവിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ ഐ.ജി.എ കമ്മിറ്റിയുടെ പരിഗണനക്ക് വിടും. നിശ്ചിത കാലയളവ് അവസാനിച്ച് 30 ദിവസത്തിനുള്ളിൽ കാലതാമസത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് കമ്മിറ്റി അന്വേഷിക്കും.
ജനനം, മരണം, മുതിർന്നവരുടെ ആദ്യ ജനന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും രേഖകളും പോർട്ടലിൽ ലഭ്യമാണ്. കൂടാതെ പേരുകൾ മാറ്റുന്നതും സർനെയിം ചേർക്കുന്നതിനും ഐ.ജി.എ രേഖകളിലെ വിവരങ്ങൾ പരിഷ്കരിക്കുന്നതും ഉൾപ്പെടെയുള്ള സേവനങ്ങളും ഇതുവഴി ലഭിക്കും.
ജനന സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ, ജനന സർട്ടിഫിക്കറ്റ് പ്രിന്റ് എടുക്കുക, കോടതി ഉത്തരവിലൂടെ ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തുക തുടങ്ങിയ സേവനങ്ങൾ സ്വദേശികൾക്കും പ്രവാസികൾക്കും ഓൺലൈനിലൂടെതന്നെ ചെയ്യാനാവും. മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ, മരണ റിപ്പോർട്ട് പരിശോധിച്ചുറപ്പിക്കൽ, മരണ സർട്ടിഫിക്കറ്റ് പ്രിന്റ് എടുക്കൽ എന്നീ സേവനങ്ങളും ഓൺലൈനിൽ ലഭിക്കും.അതേസമയം, സർട്ടിഫിക്കറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ നടപ്പാക്കി കിട്ടുന്നതിന് ഐ.ജി.എ ഓഫിസിൽ നേരിട്ട് ചെല്ലണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.