മനാമ: ബ്രേവ് ഇന്റർനാഷനൽ കോമ്പാറ്റ് വീക്ക് 2024ന്റെ ഭാഗമായി ലോക ബ്രേവ് എം.എം.എ ചാമ്പ്യൻഷിപ് ഡിസംബർ 13 മുതൽ 15 വരെ ബഹ്റൈനിൽ നടക്കും. ഖലീഫ സ്പോർട്സ് സിറ്റി അരീനയിലാണ് മത്സരങ്ങൾ. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് മത്സരങ്ങൾ.
ഇന്ത്യൻ എം.എം.എ താരം എഹ്തേഷാം അൻസാരി ബ്രേവ് സി.എഫിന്റെ ഫ്ലൈവെയ്റ്റ് ഡിവിഷനിൽ അരങ്ങേറ്റം കുറിക്കുകയാണ് എന്ന പ്രത്യേകതയുണ്ട്. പാകിസ്താന്റെ അക്വിബ് അവാനുമായിട്ടാണ് എഹ്തേഷാം അൻസാരി ഏറ്റുമുട്ടുക. ഒരു പ്രഫഷനൽ എം.എം.എ റെക്കോഡുൾപ്പെടെ ആറ് വിജയങ്ങളുടെ ശ്രദ്ധേയമായ മുന്നേറ്റത്തിലാണ് എഹ്തേഷാം അൻസാരി. രാജ്യാന്തര മത്സരത്തിൽ തന്റെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയും പാകിസ്താനുമായി നേരിട്ട് ഏറ്റുമുട്ടുന്ന മത്സരം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
എട്ടു വർഷം മുമ്പാണ് ബ്രേവ് ചാമ്പ്യൻഷിപ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംയുക്ത ആയോധന കലയായ എം.എം.എ പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോൾ 90 ഇവന്റുകളിലായി 35 രാജ്യങ്ങളിൽ റെക്കോഡ് ബ്രേക്കിങ് ഇവന്റുകൾ സംഘടിപ്പിച്ചു. ഭാവിയിൽ ഒളിമ്പിക് അംഗീകാരം കൂടി നേടിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് ബ്രേവ് ചാമ്പ്യൻഷിപ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.