മനാമ: ബഹ്റൈനിലെ ബ്രിട്ടൻ അംബാസഡർ റോഡി ഡ്രാമോണ്ടിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുരസ്കാരം സമ്മാനിച്ചു. ബഹ്റൈനിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന സാഹചര്യത്തിലാണ് ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായങ്ങൾക്ക് തുടക്കമിട്ട അംബാസഡർക്കുള്ള ആദരവെന്ന നിലക്കാണ് ബഹ്റൈൻ ഫസ്റ്റ് ക്ലാസ് പതക്കംനൽകിയത്.
കഴിഞ്ഞദിവസം സാഫിരിയ്യ പാലസിൽ നടന്ന ചടങ്ങിലാണ് ഹമദ് രാജാവ് പതക്കം അംബാസഡർക്ക് സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ വർഷങ്ങളായി വിവിധ മേഖലകളിൽ ശക്തമായ സഹകരണം തുടർന്നുവരുന്നത് ശക്തിപ്പെടുത്താൻ അംബാസഡറുടെ പ്രവർത്തനമികവുകൊണ്ട് സാധിച്ചതായി ഹമദ് രാജാവ് വിലയിരുത്തി.
മേഖലയിലും അന്താരാഷ്ട്രതലത്തിലും സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താൻ ബ്രിട്ടൻ നിർവഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെയും രാജാവ് എടുത്തുപറഞ്ഞു. ഇത്തരമൊരു പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുള്ളതായും ബഹ്റൈനിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നാണെന്നും അംബാസഡർ വ്യക്തമാക്കുകയും ഹമദ് രാജാവിന് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.