എക്സിക്യൂട്ടിവ് നിയമനിർമാണ അതോറിറ്റികൾ ചേർന്ന സംയുക്ത യോഗത്തിൽ നിന്ന്
മനാമ: വരാനിരിക്കുന്ന 2025-26 ബജറ്റിന് മുന്നോടിയായുള്ള കൂടിയാലോചനകൾക്കും വിലയിരുത്തലുകൾക്കുമായി എക്സിക്യൂട്ടിവ് നിയമനിർമാണ അതോറിറ്റികൾ സംയുക്തയോഗം ചേർന്നു.
പ്രതിനിധി കൗൺസിൽ സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
വികസന പദ്ധതികളും സാമ്പത്തിക വളർച്ചക്ക് പരിഗണനയുള്ളതുമായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക, സർക്കാർ പിന്തുണയുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയിലായിരുന്നു ചർച്ചകൾ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയോടെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നയിക്കുന്ന രാജ്യത്തിന്റെ സമഗ്രമായ വികസന പദ്ധതികളുമായി ബജറ്റ് വിഷയങ്ങൾ യോജിക്കേണ്ടതിന്റെ പ്രാധാന്യം സ്പീക്കർ അൽ മുസല്ലം വ്യക്തമാക്കി. വരാനിരിക്കുന്ന ബജറ്റിൽ സാമ്പത്തിക സുസ്ഥിരത കൈവരിക്കുക, പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുക, ജീവിത നിലവാരം ഉയർത്തുക, സാമ്പത്തിക വളർച്ചയെ മുന്നോട്ടുനയിക്കുന്നതിന് മുൻകാല നേട്ടങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിലും പൊതു സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ബജറ്റിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ള പദ്ധതികൾ യോഗം വിലയിരുത്തി.
സ്വദേശികൾക്കും വിദേശികൾക്കും ഉപകാരപ്പെടുന്ന രീതിയിൽ ആരോഗ്യ മേഖലയിൽ 688 മില്യൺ ദീനാറിന്റെ പദ്ധതികൾക്കായുള്ള പ്രഖ്യാപനം ബജറ്റിലുണ്ടാകും. ‘ചൂസ് യുവർ ഡോക്ടർ’ പദ്ധതി 20 ഹെൽത്ത് സെന്ററുകളിൽ നടപ്പാക്കും. ഏഴ് സെന്ററുകൾ കൂടി വരും കാലയളവിൽ വരാനും സാധ്യതയുണ്ട്.
പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ദോഷകരമായ ഉൽപന്നങ്ങളുടെ ഉപഭോഗം കുറക്കുന്നതിനുമായി പുകയില ഉൽപന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ എന്നിവയുടെ നികുതി വർധിപ്പിക്കും. സുസ്ഥിരമായുള്ള ആരോഗ്യ സംരക്ഷണത്തിനും പരിചരണത്തിനുമായുള്ള സാമ്പത്തിക സഹായത്തിനും പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കും. തൊഴിൽ മേഖലകളിൽ 8000 പുതിയ ബിരുദധാരികൾക്കുൾപ്പെടെ 25000 ബഹ്റൈനികളെ പ്രതിവർഷം റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയും ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.