കൊല്ലം കുണ്ടറ സ്വദേശിനിയായ എന്റെ നോമ്പോർമകളെല്ലാം ബഹ്റൈനിൽ പ്രവാസിയായതിനു ശേഷമുള്ളതാണ്. കഴിഞ്ഞ 24 വർഷമായി ബഹ്റൈനിൽ സ്വകാര്യ മേഖലയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന എനിക്ക് നോമ്പുകാലം എന്നും പ്രിയപ്പെട്ടതാണ്. റമദാൻ മാസത്തെ കുറിച്ചും നോമ്പ് എന്ന അനുഷ്ഠാനത്തെ കുറിച്ചും എല്ലാം ഞാൻ മനസ്സിലാക്കിയതും ഇവിടെനിന്നാണ്.
ബഹ്റൈനിലെ പൊതുരംഗത്ത് പ്രവർത്തിക്കുന്നത് കൊണ്ട് മലയാളി കൂട്ടായ്മകളുമായും സംഘടനകളുമായും വളരെ അടുത്ത ബന്ധമുണ്ട്. അവരൊക്കെ നടത്തുന്ന ഇഫ്താർ പാർട്ടികളിലേക്ക് ക്ഷണം ഉണ്ടാകാറുണ്ട്. ജാതി-മത-ദേശ വ്യത്യാസമില്ലാതെയുള്ള ഇഫ്താർ പാർട്ടികൾ സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതുമാണ്.
ഞങ്ങൾ ഭാരവാഹികളായിട്ടുള്ള സംഘടനകൾ നോമ്പുകാലത്ത് ലേബർ ക്യാമ്പുകളിലെ ഭക്ഷണ വിതരണം ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താറുണ്ട്. അതിൽ ഭാഗഭാക്കാകുന്നത് ജീവിതത്തിൽ ഏറ്റവും സംതൃപ്തി നൽകുന്ന കാര്യമാണ്. ലേബർ ക്യാമ്പുകളിലെ ഇഫ്താർ വിരുന്നുകളിൽ മറക്കാൻ കഴിയാത്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഞങ്ങൾ നേതൃത്വം നൽകുന്ന ഒരു വനിത സംഘടന നടത്തിയ ഇഫ്താർ പാർട്ടിയിൽവെച്ച് സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന ഒരു കുടുംബത്തിലെ ഒരു കൊച്ചുകുഞ്ഞിനെ ചേർത്തുപിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു. വീട്ടിൽ ചെന്നശേഷം ആ കുട്ടി ഉമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ ആ ഉമ്മ എന്നെ ഫോണിൽ വിളിച്ചു സന്തോഷം പ്രകടിപ്പിച്ചത് മറക്കാൻ കഴിയാത്ത അനുഭവങ്ങളിലൊന്നായി.ദുരിതവും പ്രയാസവും അനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുമ്പോൾ അവർക്ക് ഉണ്ടാകുന്ന സന്തോഷം വിവരണാതീതമാണ്.
ഇത്തരം ചേർത്തുപിടിക്കലുകളാണ് നോമ്പിന്റെ സന്ദേശം എന്നാണ് എന്റെ അഭിപ്രായം. ചിലപ്പോഴെല്ലാം ജോലിത്തിരക്കിൽ ഇഫ്താർ പാർട്ടികൾക്ക് പോകാൻ സാധിക്കാതെ വന്നാൽ സംഘാടകർ ഞാൻ ജേലി ചെയ്യുന്ന സ്ഥാപനത്തിൽ ഇഫ്താർ കിറ്റ് കൊണ്ടു തരാറുമുണ്ട്. ജോലി സ്ഥലത്തെ അറബികൾ ഉൾപ്പെടുന്ന സഹപ്രവർത്തകർ കാണിക്കുന്ന പരിഗണനയും സ്നേഹവും മറക്കാൻ കഴിയാത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.