മനാമ: ബഹ്റൈനിൽ വർഷങ്ങളോളം താമസിച്ചിട്ടും ബസ് യാത്ര നടത്തിയിട്ടില്ലാത്തവരുണ്ടോ? ഉണ്ടെങ്കിൽ ഇനിയും വൈകേണ്ട; കാരണം അത്രയും മനോഹരമായ അനുഭവമാണ് ഇവിടത്തെ ബസ് യാത്ര സമ്മാനിക്കുന്നത്. നഗരത്തിരക്കിലൂടെ ഒഴുകിനീങ്ങുന്ന ചുവപ്പൻ ബസുകൾക്കുള്ളിൽനിന്ന് കാണുന്ന പുറംകാഴ്ചകൾക്ക് സൗന്ദര്യമേറെയാണ്.
ബഹ്റൈനിലെ വിവിധ സ്ഥലങ്ങളുടെ മനോഹാരിത ആസ്വദിക്കാൻ ഏറ്റവും നല്ല മാർഗമാണ് ബസ് യാത്ര. രാജ്യത്തിന്റെ ഭൂമിശാസ്ത്രം എളുപ്പത്തിൽ മനസ്സിലാക്കാനും ഇതുതന്നെ മാർഗം. ഓരോ സ്ഥലത്തിന്റെയും സവിശേഷതകളും ഭംഗിയും മനസ്സിലാക്കണമെങ്കിൽ ബസ് യാത്രതന്നെ വേണമെന്നാണ് അനുഭവസ്ഥർ പറയുന്നത്. കാറിൽ യാത്ര ചെയ്യുന്നതിനേക്കാൾ സുന്ദരമായ അനുഭവമാണ് ബസ് യാത്ര സമ്മാനിക്കുന്നത്.
പുതുതായി കൂടുതൽ സർവിസുകൾ ഏർപ്പെടുത്തിയതോടെ ബഹ്റൈന്റെ മിക്ക ഭാഗങ്ങളിലേക്കും ഇപ്പോൾ ബസ് സർവിസ് ലഭ്യമാണ്. സ്ഥിരം യാത്ര ചെയ്യുന്നവർക്ക് ചെലവ് കുറഞ്ഞ യാത്രമാർഗമാണ് ബസ്. അവധി ദിനങ്ങളിൽ യാത്രപോകാൻ ആഗ്രഹിക്കുന്നവർക്കും ഇതു മികച്ച മാർഗം തന്നെ. ബഹ്റൈനിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കെല്ലാം ബസ് സർവിസ് ലഭ്യമാണ്. ഡ്രാഗൺ സിറ്റി, എയർപോർട്ട്, ബഹ്റൈൻ യൂനിവേഴ്സിറ്റി, ഔവർ ലേഡി ഓഫ് അറേബ്യ ചർച്ച്, സൽമാനിയ മെഡിക്കൽ കോംപ്ലക്സ് എന്നിവിടങ്ങളിലേക്കെല്ലാം ബസ് സർവിസുണ്ട്.
വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വാരാന്ത്യ ദിനങ്ങളിൽ പ്രധാന റൂട്ടുകളിൽ രാത്രി വൈകിയും സർവിസ് നടത്താറുണ്ട്. ബസിൽ കയറുമ്പോൾ മുൻവശത്തുകൂടി കയറണം. ഡ്രൈവറുടെ അടുത്തുനിന്ന് ടിക്കറ്റ് വാങ്ങിയോ ഡ്രൈവർ സീറ്റിനുസമീപം സ്ഥാപിച്ചിട്ടുള്ള മെഷീനിൽ ഗോ കാർഡ് സ്വൈപ് ചെയ്തോ വേണം ഉള്ളിലേക്ക് കടക്കാൻ. ഇറങ്ങാനുള്ള സ്റ്റോപ് എത്തുമ്പോൾ സീറ്റിനുസമീപം സ്ഥാപിച്ചിട്ടുള്ള ബെൽ സ്വിച്ച് അമർത്തിയാൽ മതി.
യാത്രക്ക് കാറിനുപകരം ബസിനെ ആശ്രയിച്ചാൽ മൂന്നുണ്ട് കാര്യം; റോഡിലെ ഗതാഗതത്തിരക്കും കുറയും, കാർബൺ ബഹിർഗമനം കുറച്ച് പരിസ്ഥിതിയെ സംരക്ഷിക്കാനുമാവും. ഒപ്പം, കീശയിലെ കാശും ലാഭിക്കാം. എന്നാ, ഇന്നുതന്നെ ഒരു ബസ് യാത്ര നടത്തുകയല്ലേ...
പണമായി നൽകുകയാണെങ്കിൽ ഒരു യാത്രക്ക് 300 ഫിൽസാണ് ടിക്കറ്റ് നിരക്ക്. റൂട്ട് അവസാനിക്കുന്നതുവരെ ഈ നിരക്കിൽ യാത്ര ചെയ്യാം. ‘ഗോ കാർഡ്’ എടുക്കുകയാണെങ്കിൽ ഒരു യാത്രക്ക് 275 ഫിൽസാണ് നിരക്ക്. ഒരു ദിവസം പരമാവധി 700 ഫിൽസാണ് ഈടാക്കുക. ദിവസം എത്ര തവണ വേണമെങ്കിലും ഈ നിരക്കിൽ യാത്ര ചെയ്യാം. സ്ഥിരമായി യാത്ര ചെയ്യുന്നവരാണെങ്കിൽ ഒരാഴ്ചത്തേക്ക് മൂന്ന് ദിനാറും ഒരു മാസത്തേക്ക് 12 ദിനാറും എന്ന നിരക്കിൽ റീഫിൽ ചെയ്യാനുള്ള സൗകര്യമുണ്ട്. അതല്ലെങ്കിൽ ഇഷ്ടമുള്ള തുകക്ക് റീഫിൽ ചെയ്ത് കാർഡ് ഉപയോഗിക്കാം.
മനാമ, ഈസ ടൗൺ, മുഹറഖ് എന്നിവിടങ്ങളിലെ ടിക്കറ്റ് ഓഫിസ്, മനാമ, ഈസ ടൗൺ, മുഹറഖ് ബസ് ടെർമിനലുകളിലെ ടിക്കറ്റ് വെൻഡിങ് മെഷീൻ, യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈനിലെ ടിക്കറ്റ് വെൻഡിങ് മെഷീൻ എന്നിവിടങ്ങളിൽനിന്നും ഡ്രൈവർമാരുടെ അടുത്തുനിന്നോ സെയിൽസ് ടീമിൽനിന്നോ ഗോ കാർഡ് വാങ്ങാം. കാർഡിന് 500 ഫിൽസ് നൽകണം.
പ്രധാന ടെർമിനലുകളിലെ ടിക്കറ്റ് ഓഫിസിൽനിന്നും ടിക്കറ്റ് വെൻഡിങ് മെഷീൻ വഴിയും ബസിനുള്ളിൽ സ്ഥാപിച്ച റീലോഡിങ് മെഷീൻ വഴിയും റീചാർജ് ചെയ്യാം. എസ്.ടി.സി പേ ആപ്, സദാദ് കിയോസ്ക് എന്നിവ മുഖേനയും റീചാർജ് ചെയ്യാം. ജീവനക്കാർക്കും വിദ്യാർഥികൾക്കുമായി യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈനിലും ടിക്കറ്റ് വെൻഡിങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്.
https://bahrainbus.bh എന്ന വെബ്സൈറ്റിൽനിന്ന് ബസുകളുടെ റൂട്ടുകളും സമയ വിവരവും ലഭിക്കും. റൂട്ട് മാപ്പ് എന്ന സെക്ഷനിൽ പോയാൽ ഗൂഗ്ൾ മാപ്പ് വഴി ഓരോ റൂട്ടിലെയും സ്റ്റോപ്പുകൾ എവിടെയെന്ന് കണ്ടെത്താം. ബസ് സ്റ്റോപ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന ലിങ്ക് വഴി ആ സ്റ്റോപ്പിൽ ഉടനെത്തുന്ന ബസുകൾ ഏതൊക്കെയെന്നും അറിയാം. സ്ഥിരം യാത്ര ചെയ്യുന്നവർ ഈ ലിങ്ക് സേവ് ചെയ്ത് വെച്ചാൽ തത്സമയ വിവരം എളുപ്പത്തിൽ അറിയാനാകും.
Bahrain Bus എന്ന മൊബൈൽ ആപ് മുഖേനയും ബസുകളുടെ റൂട്ടും തത്സമയ വിവരങ്ങളും അറിയാൻ കഴിയും. Live Buses എന്ന ഒപ്ഷനിൽ ബസ് സ്റ്റോപ് തിരഞ്ഞെടുത്താൽ ആ സ്റ്റോപ്പിൽനിന്ന് ഉടൻ പുറപ്പെടുന്ന ബസുകളുടെ വിവരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.