മനാമ: രാജ്യത്ത് ശൈത്യകാല തമ്പിന് അനുവദിച്ച കാലപരിധി അവസാനിച്ചതോടെ ക്യാമ്പ് സൈറ്റുകൾ ശുചീകരിക്കാൻ അധികൃതർ അഭ്യർഥിച്ചു. വിജയകരമായ മൂന്നര മാസത്തെ തമ്പുകാലമാണ് വ്യാഴാഴ്ച സമാപിച്ചത്. കോവിഡ് കാരണമുള്ള മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇത്തവണ തമ്പിന് അനുമതി നൽകിയത്. ബഹ്റൈനിന്റെ തെക്കുഭാഗത്ത് അവാലി മുതൽ സഖീർ വരെ തമ്പുകളിൽ സുഖകരമായ കാലാവസ്ഥ ആസ്വദിക്കാനെത്തിയത് ആയിരക്കണക്കിന് കുടുംബങ്ങളാണ്. ഒരാഴ്ചക്കകം തമ്പുപകരണങ്ങളും മറ്റു വസ്തുക്കളും നീക്കം ചെയ്യണമെന്ന് സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു. ഇനിയും തമ്പിൽ തുടരുന്നത് ശിക്ഷാർഹമാണ്.
പ്രദേശത്ത് മിനി തമ്പ് സ്ഥാപിക്കുന്നതും പോർട്ടബിൾ ഗ്യാസ് സ്റ്റൗവിൽ പാചകം ചെയ്യുന്നതും കണ്ടെത്തിയാൽ കർശനമായ ശിക്ഷ ലഭിക്കും. ഈദ് കഴിയുന്നതുവരെ സീസൺ നീട്ടണമെന്ന് എം.പിമാർ കഴിഞ്ഞ മാസം ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇത്തരത്തിൽ ഔദ്യോഗിക തീരുമാനമില്ലാത്തതിനാൽ എല്ലാവരും പ്രദേശം വൃത്തിയാക്കി സ്ഥലമൊഴിയണമെന്ന് അബ്ദുല്ല അബ്ദുല്ലത്തീഫ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.