മനാമ: തണുപ്പ് ശക്തമായതോടെ ശൈത്യകാല ക്യാമ്പിങ് സീസൺ ആസ്വദിക്കാൻ തിരക്കേറി. സാഖീറിലെ ക്യാമ്പിങ് ഏരിയയിൽ സ്വദേശികളും പ്രവാസികളുമടക്കം നിരവധിപേരാണ് എത്തുന്നത്. മരുഭൂമിയുടെ നടുവിൽ ടെന്റുകളിൽ രാത്രി ഭക്ഷണം ഉണ്ടാക്കി കഴിക്കാനും രാത്രിയുടെ സൗന്ദര്യം ആസ്വദിക്കാനും എല്ലാവർഷവും ടൂറിസ്റ്റുകളും താമസക്കാരും തണുപ്പുകാലം വരാൻ കാത്തിരിക്കാറുണ്ട്. ടെന്റുകളുടെ വലുപ്പവും സൗകര്യവും അനുസരിച്ച് 35 ദീനാർ മുതൽ 200 ദീനാർവരെ വാടക ഇൗടാക്കാറുണ്ട്. ശുചിമുറി, അടുക്കള, ഗൃഹോപകരണങ്ങൾ, ജനറേറ്ററുകൾ, ടെലിവിഷൻ തുടങ്ങിയ സൗകര്യങ്ങളടങ്ങിയ ടെന്റുകളും ലഭ്യമാണ്.
ചരിത്രപ്രധാനമായ ട്രീ ഓഫ് ലൈഫിന്റെ സമീപമുള്ള സാഖിറിലെ സൈറ്റാണ് പ്രധാന ക്യാമ്പിങ് കേന്ദ്രം. വാരാന്ത്യത്തിലാണ് ആളുകൾ കൂടുതലായി എത്തുന്നത്. വിവിധ സംഘടനകളും മലയാളികളുടെ കൂട്ടായ്മകളും വാരാന്ത്യങ്ങളിൽ ടെന്റുകൾ ബുക്ക് ചെയ്യുന്നുണ്ട്. ക്യാമ്പിങ് സുരക്ഷയോടെയും പ്രകൃതി സൗഹൃദമായും നടത്തുന്നതിന് അധികൃതർ കർശനമായ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്.
അടിയന്തര സാഹചര്യത്തിൽ 999 എന്ന നമ്പറിൽ വിളിക്കാം
മനാമ: ക്യാമ്പിങ് കേന്ദ്രങ്ങളിൽ തീപിടിത്തസാധ്യതയുള്ളതിനാൽ ക്യാമ്പ് ചെയ്യുന്നവരും ഫുഡ് ട്രക്ക് ഓപറേറ്റർമാരും എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയ സിവിൽ ഡിഫൻസ് ഓപറേഷൻസ് ഓഫിസർ ക്യാപ്റ്റൻ മുഹമ്മദ് ജമാൽ പറഞ്ഞു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംവിധാനം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. തകരാറുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങളോ ജനറേറ്ററുകളോ കാരണമാണ് തീപിടിത്തമുണ്ടാകുന്നത്. അവ സ്ഥാപിക്കുന്നതിനു മുമ്പ് പ്രവർത്തനം ശരിയാണോ എന്ന് പരിശോധിക്കണം. അനുയോജ്യമായ സ്ഥലത്ത് വേണം ജനറേറ്റർ സ്ഥാപിക്കേണ്ടത്. ക്യാമ്പ് ഫയർ നിയന്ത്രണാതീതമാകാൻ ഇടവരുത്തരുത്. ഭക്ഷണ ട്രക്കുകൾക്കും പോർട്ടബിൾ കോഫി, ചായക്കടകൾക്കും തീപിടിത്ത സാധ്യതയുണ്ട്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സതേൺ ഗവർണറേറ്റുമായി സഹകരിച്ച് ക്യാമ്പ് സൈറ്റുകളിൽ പരിശോധനകൾ നടത്തുമെന്നും ക്യാപ്റ്റൻ മുഹമ്മദ് കൂട്ടിച്ചേർത്തു. അടിയന്തര സാഹചര്യത്തിൽ 999 എന്ന നമ്പറിൽ വിളിച്ച് എമർജൻസി കാൾ സെന്ററുമായി ബന്ധപ്പെടണം. കാളുകൾ സൗജന്യമാണ്. ഫയർ, പൊലീസ്, ആംബുലൻസ് സേവനങ്ങൾ സദാ സജ്ജമാണ്.ഹമദ് രാജാവിന്റെ മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കുമുള്ള പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ മികച്ച ക്യാമ്പിങ്ങിന് പ്രതിവാര അവാർഡ് നൽകുന്നുണ്ട്.
ക്യാമ്പിങ് സൈറ്റുകളിൽ സുരക്ഷിതമായ അന്തരീക്ഷം നിലനിർത്തുന്നതിനും വന്യജീവികളെ സംരക്ഷിക്കാൻ പൗരന്മാരെയും താമസക്കാരെയും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് അവാർഡ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.