മനാമ: ഈ വർഷത്തെ ക്യാമ്പിങ് സീസണിന്റെ രണ്ടാം വാരത്തിലെ മികച്ച ക്യാമ്പ് അവാർഡ് നേടിയ രണ്ടുപേരെ ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ ആദരിച്ചു. മികച്ച ക്യാമ്പുകൾക്ക് എല്ലാ ആഴ്ചയും കാഷ് പ്രൈസുകൾ നൽകുമെന്ന് മാനുഷിക കാര്യങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ പ്രഖ്യാപിച്ചിരുന്നു. വിജയികളായ ഷരീഫ അബ്ദുൽ കരീം, വലീദ് മുഫ്ത എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
നവംബർ 10 ന് ആരംഭിച്ച ക്യാമ്പിങ് ഫെബ്രുവരി 29 വരെ നീളും. പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതമായി ക്യാമ്പിങ് നടത്താനുള്ള അന്തരീക്ഷമൊരുക്കിയിട്ടുണ്ട്. സുരക്ഷ നിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ട്. പാരിസ്ഥിതികവും സുരക്ഷ സംബന്ധവുമായ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് ടെന്റിങ്. ഫെബ്രുവരി 29ന് സീസൺ അവസാനിക്കുന്നത് വരെ എല്ലാ ആഴ്ചയും അവാർഡ് തുടരും. മൊബൈൽ ഫോണുകളിൽ അൽ ജനോബിയ ആപ് ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. അറബിയിലും ഇംഗ്ലീഷിലും ലഭ്യമാണ്. രജിസ്ട്രേഷന് ഫീസില്ല.
സുരക്ഷിതവും സമാധാനപരവുമായ ടെന്റ് സീസൺ ഒരുക്കാൻ വിവിധ വിഭാഗങ്ങളെ യോഗത്തിൽ ചുമതലപ്പെടുത്തി. നഗരത്തിരക്കുകളിൽനിന്ന് രക്ഷപ്പെട്ട് മരുഭൂമിയിലെ തണുത്ത അന്തരീക്ഷത്തിൽ വിശ്രമിക്കാനായാണ് ആയിരങ്ങൾ സീസണിൽ എത്തുന്നത്. campers@southern.gov.bh എന്ന ഇ- മെയിലിലും 17750000 എന്ന നമ്പറിലും വിവരങ്ങൾ ലഭ്യമാണ്. അൽ ജനോബിയ ആപ്പിൽ ഇൻസ്റ്റന്റ് ചാറ്റ് വഴിയും വിവരങ്ങൾ ലഭിക്കും. ഓരോ ആഴ്ചയിലും നൽകുന്ന ക്യാമ്പ് അവാർഡിനായി സതേൺ ഗവർണറേറ്റ് ആപ് ഡൗൺലോഡ് ചെയ്ത് പങ്കാളിത്ത ഫോറം ഫിൽ ചെയ്യണം. ടെന്റുകളുടെ സുരക്ഷ, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നിവ അവാർഡ് സംഘാടക സമിതി നിരവധി ക്യാമ്പുകൾ സന്ദർശിച്ച് ഉറപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.