മനാമ: ബഹ്റൈൻ വനിതാ സുപ്രീം കൗൺസിലിന്റെ പ്രവർത്തനങ്ങളെ പ്രമുഖ വ്യക്തിത്വങ്ങൾ പ്രകീർത്തിച്ചു. കൗൺസിലിന്റെ 22ാമത് സ്ഥാപകദിനത്തോടനുബന്ധിച്ചാണ് ബഹ്റൈൻ വനിതകളുടെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച കഴിഞ്ഞകാല പ്രവർത്തനങ്ങളെ വിലയിരുത്തിയത്. വനിതകളുടെ അവകാശങ്ങൾക്കായി നിരന്തരമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധയാകർഷിക്കാൻ സാധിച്ചതായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി വിലയിരുത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പരിഷ്കരണ ശ്രമങ്ങൾ വനിതകളുടെ മുന്നേറ്റത്തിന് ചവിട്ടുപടിയായി. ജനാധിപത്യമേഖലയെ പുഷ്ടിപ്പെടുത്തുന്നതിലും അവർ മുന്നേറ്റം വഹിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. ആശാവഹമായ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ കൗൺസിലിന്റെ തുടർ പ്രവർത്തനങ്ങളിലൂടെ സാധിച്ചതായി കിരീടാവകാശിയുടെ ഉപദേഷ്ടാവ് ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ വ്യക്തമാക്കി.
രാജപത്നിയും ബഹ്റൈൻ വനിതാ സുപ്രീം കൗൺസിൽ ചെയർപേഴ്സണുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ കഴിഞ്ഞ 22 വർഷത്തെ പ്രവർത്തനങ്ങളുടെ മികവാണ് ഇന്ന് ബഹ്റൈൻ വനിതകളെത്തി നിൽക്കുന്ന വളർച്ചയുടെ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ പ്രവർത്തനങ്ങളിലൂടെ വനിതാ സുപ്രീം കൗൺസിൽ വഴി വനിതകളുടെ സർവതോമുഖമായ പുരോഗതിയും അവസര സമത്വവും ഉറപ്പാക്കാൻ കഴിഞ്ഞതായി ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. വനിതാ സുപ്രീം കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഉത്തരോത്തരം മുന്നേറാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഹമദ് രാജാവിന്റെ മാധ്യമ ഉപദേഷ്ടാവ് നബീൽ ബിൻ യഅ്ഖൂബ് അൽ ഹമറും വനിതാ സുപ്രീം കൗൺസിലിനും ചെയർപേഴ്സൻ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫക്കും ആശംസകൾ നേർന്നു. വനിതാ ശാക്തീകരണത്തിനായുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.