മനാമ: രാജ്യത്തെ സമ്പദ്ഘടനക്ക് സാരമല്ലാത്ത പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ അടിസ്ഥാനാവശ്യങ്ങൾക്കുനേരെ മുഖംതിരിക്കുന്ന ബജറ്റുകളാണ് കേന്ദ്ര സംസ്ഥാന സർക്കാറുകളിൽനിന്നുണ്ടായതെന്ന് പ്രവാസി വെൽഫെയർ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വിവിധ പ്രവാസി പദ്ധതികൾക്കായുള്ള ബജറ്റ് വിഹിതം വർധിപ്പിക്കാത്ത കേരള സർക്കാർ രണ്ട് പദ്ധതികളുടെ വിഹിതം കഴിഞ്ഞ വർഷത്തേക്കാൾ കുറക്കുകയാണ് ചെയ്തത്.
ഗൾഫ് രാജ്യങ്ങളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പതിനായിരക്കണക്കിന് പ്രവാസികളുടെ പുനരധിവാസത്തിനും സ്വയം തൊഴിലിനും ഒരു പരിഗണനയും സംസ്ഥാന ബജറ്റ് നൽകിയിട്ടില്ല. തിരിച്ചെത്തുന്ന പ്രവാസികളുടെ സ്വയംതൊഴിൽ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി കേവലം 25 കോടി മാത്രമാണ് ബജറ്റിൽ നീക്കിവെച്ചത്. കഴിഞ്ഞ ബജറ്റിലും ഇതേ തുക തന്നെയായിരുന്നു അനുവദിച്ചിരുന്നത്.
മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി കഴിഞ്ഞവർഷം 50 കോടിയാണ് വകയിരുത്തിയിരുന്നതെങ്കിൽ ഈ വർഷം അത് 44 കോടി രൂപയാക്കി വെട്ടിച്ചുരുക്കുകയാണ് ചെയ്തത്. മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള ഒറ്റത്തവണ സഹായത്തിന്റെ ഭാഗമായുള്ള സാന്ത്വനപദ്ധതിക്കും ബജറ്റിൽ ആവശ്യമായ വിഹിതം മാറ്റി വെച്ചിട്ടില്ല.
കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള പ്രവാസി പ്രശ്നങ്ങളെ അതിന്റെ ഗൗരവത്തിൽ കൈകാര്യം ചെയ്യാൻ കേന്ദ്ര കേരള സർക്കാറുകൾ മുന്നോട്ടുവരണമെന്നും പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ബജറ്റ് വിഹിതം വർധിപ്പിക്കണമെന്നും പ്രവാസി വെൽഫെയർ സെക്രട്ടേറിയറ്റ് കേന്ദ്ര കേരള സർക്കാറുകളോട് ആവശ്യപ്പെടുന്നു. ജനകീയ ബദലിനെ കുറിച്ച് നിരന്തരം സംസാരിക്കുന്ന ഇടതുപക്ഷം കേരളത്തിലെ ധനകാര്യനയം കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്ന രൂപത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സാധാരണക്കാരന് ആശ്വാസമാകുന്ന ക്ഷേമ പെൻഷനുകളിൽ ഒരു രൂപയുടെ വർധന പോലും വരുത്താത്തത് പ്രതിഷേധാർഹമാണ് എന്നും പ്രവാസി വെൽഫെയർ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഷിജിന ആഷിഖ്, ഷാഹുൽ ഹമീദ് വെന്നിയൂർ ജനറൽ സെക്രട്ടറി സി.എം മുഹമ്മദലി സെക്രട്ടറിമാരായ ജോഷി പത്തനംതിട്ട, ഇർഷാദ് കോട്ടയം, അനസ് കാഞ്ഞിരപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.