മനാമ: സഹവർത്തിത്വവും സഹിഷ്ണുതയും വിശാലതയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബഹ്റൈൻ എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് സുസ്ഥിര വികസന മന്ത്രി നൂർ ബിൻത് അലി അൽ ഖുലൈഫിനൊപ്പം ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിലെ മീഡിയ സെന്ററിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും വീക്ഷണങ്ങളെയും നിർദേശങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ് ബഹ്റൈൻ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സഹവർത്തിത്വവും ബഹുസ്വരതയും എല്ലാ മതങ്ങളോടുമുള്ള ആദരവും കൈമുതലാക്കിയതാണ് ബഹ്റൈന്റെ പൈതൃകം. വിവിധ ജനസമൂഹങ്ങൾ തമ്മിൽ സാഹോദര്യം പ്രോത്സാഹിപ്പിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ബഹ്റൈൻ സമൂഹത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും മുഖ്യ സവിശേഷത വൈവിധ്യമാണ്. വ്യത്യസ്ത മതങ്ങളെയും സംസ്കാരങ്ങളെയും സ്വാഗതം ചെയ്യാൻ ബഹ്റൈൻ എന്നും മുന്നിലുണ്ടെന്നതിന് തെളിവാണ് ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നൈപുണ്യ വികസനത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനുമാണ് ബഹ്റൈൻ ഊന്നൽ നൽകുന്നത്. സ്വകാര്യമേഖലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സാമ്പത്തിക ഉത്തേജന പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമീപനമാണ് ബഹ്റൈൻ എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് സുസ്ഥിര വികസന മന്ത്രി നൂർ ബിൻത് അലി അൽ ഖുലൈഫ് പറഞ്ഞു. വികസന പ്രക്രിയയിൽ മുഖ്യപങ്കുകാരാക്കി ബഹ്റൈനി വനിതകളെ ശക്തിപ്പെടുത്തുന്നതിന് നൽകുന്ന പ്രധാന്യത്തെക്കുറിച്ചും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.