അമ്പത് പ്രകൃതിദത്ത ദ്വീപുകളും 33 കൃത്രിമ ദ്വീപുകളും ഉൾക്കൊള്ളുന്ന രാജ്യമാണ് ബഹ്റൈൻ. ഇവിടത്തെ പ്രധാന തണ്ണീർത്തടങ്ങൾ തീരപ്രദേശത്തെ ചളിപ്പാടങ്ങളാണ്. ബഹ്റൈൻ ഒരു ദ്വീപായതിനാൽ നീർപക്ഷികളെയും തീര പക്ഷികളെയും നിരീക്ഷിക്കാൻ പറ്റിയ സ്ഥലമാണ്. അവരിൽ ഭൂരിഭാഗവും എല്ലാവർഷവും അവരുടെ ദേശാടന സമയത്ത് ഇവിടം ഒരു ഇടത്താവളമായി ഉപയോഗിക്കുന്നു.
ആയിരക്കണക്കിന് ജലപക്ഷികൾ കടലിൽ ലഭ്യമായ ഭക്ഷ്യവിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നു. 45ലധികം ഇനം പക്ഷികൾ -പ്രധാനമായും ഹെറോണുകൾ, തീര പക്ഷികൾ, കടൽ പക്ഷികൾ, ടെർനുകൾ എന്നിവ-പതിവായി ദേശാടന സമയത്തും ശൈത്യകാലത്തും ഈ പ്രദേശം സന്ദർശിക്കാറുണ്ട്. ബഹ്റൈനിലെ നിരവധി ചെറിയ കടൽത്തീര ദ്വീപുകൾ കടൽപക്ഷികളുടെയും മറ്റ് ജീവികളുടെയും പ്രജനന കോളനികളായി പ്രവർത്തിക്കുന്നു. ബഹ്റൈൻ ദ്വീപുസമൂഹത്തിൽ 330 ലധികം ഇനം പക്ഷികളെ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ 26 ഇനം രാജ്യത്ത് സ്ഥിരമായി ജീവിക്കുന്നവയാണ്. ദശലക്ഷക്കണക്കിന് ദേശാടന പക്ഷികൾ ശൈത്യകാലത്തും ശരത്കാല മാസങ്ങളിലും അറേബ്യൻ ഗൾഫ് മേഖലയിലൂടെ കടന്നുപോകുന്നു.
ആഗോള വംശനാശഭീഷണി നേരിടുന്ന ഒരു ഇനമായ ക്ലമിഡോട്ടിസ് ഉൻദുലത (African houbara) ശരത്കാലത്തിലാണ് സ്ഥിരമായി കുടിയേറുന്നത്. സോകോട്ര കോമോറൻറ് (Socotra Cormorant) എന്ന ഇനം പക്ഷികളുടെ പ്രജനനത്തിന് ആഗോളതലത്തിൽതന്നെ പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളാണ് ബഹ്റൈനിലെ പല ദ്വീപുകളും ആഴം കുറഞ്ഞ കടലുകളും. ഈ പക്ഷികളുടെ 100,000 ജോഡി വരെ ബഹ്റൈനിലെ ഹവാർ ദ്വീപുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹവാർ ദ്വീപുകളിലെ സംരക്ഷിത പ്രദേശങ്ങൾ വിവിധ ദേശാടന സമുദ്ര പക്ഷികൾക്ക് ഭക്ഷണവും പ്രജനന സ്ഥലങ്ങളും നൽകുന്നു. പക്ഷി ദേശാടനത്തിന് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സ്ഥലമാണിത്. ഹവാർ ദ്വീപുകളിലെ സൊകോത്ര കോമോറൻറിെൻറ പ്രജനന കോളനി ലോകത്തിലെ ഏറ്റവും വലുതാണ്.
ബഹ്റൈനിലെ ജൈവവൈവിധ്യത്തിെൻറ പ്രധാന ഭീഷണിയാണ് നഗരവത്കരണം. ഡ്രെഡ്ജിങ്, ഇൻഫില്ലിഗ് പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന തീരദേശ വികസനം തീരപ്രദേശത്തിെൻറ അനുപാതത്തിൽ ഗണ്യമായ മാറ്റം വരുത്തി. വ്യവസായിക, എണ്ണ മലിനീകരണം, അമിത മത്സ്യബന്ധനം എന്നിവ പ്രാദേശിക ജൈവവൈവിധ്യത്തെ ബാധിക്കുന്ന മറ്റ് പ്രധാന ഘടകങ്ങളാണ്. കേടായ ടാങ്കറുകൾ, പൈപ്പ് ലൈനുകൾ അല്ലെങ്കിൽ ഓഫ്ഷോർ ഓയിൽ റിഗ്ഗുകൾ എന്നിവമൂലമുണ്ടാകുന്ന എണ്ണ ചോർച്ച പലപ്പോഴും പാരിസ്ഥിതിക നാശത്തിന് കാരണമാകുന്നു. തീരപ്രദേശത്തെ ചതുപ്പുകൾ, കണ്ടൽവനങ്ങൾ അല്ലെങ്കിൽ മറ്റ് തണ്ണീർത്തടങ്ങൾ എന്നിവയിൽ എണ്ണ പറ്റിപ്പിടിക്കുമ്പോൾ നാരുകളുള്ള ചെടികളും പുല്ലുകളും എണ്ണയെ ആഗിരണം ചെയ്യുന്നു. ഇത് സസ്യങ്ങളെ നശിപ്പിക്കുകയും പ്രദേശത്തെ വന്യജീവി ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
എണ്ണ ചോർച്ചയാൽ നശിച്ച പാരിസ്ഥിതിക നാശത്തിെൻറ സാർവത്രിക പ്രതീകമാണ് എണ്ണ പൊതിഞ്ഞ പക്ഷികൾ. ചെറിയ അളവിലുള്ള എണ്ണ പോലും ഒരു പക്ഷിക്ക് മാരകമായേക്കാം. എണ്ണ തൂവലുകളിൽ പറ്റിപ്പിടിക്കുേമ്പാൾ പക്ഷികൾക്ക് പറക്കാൻ സാധിക്കാതെ വരുന്നു.
തിമിംഗലങ്ങൾ, ഡോൾഫിനുകൾ തുടങ്ങിയ സമുദ്ര സസ്തനികളുടെ നിലനിൽപിനും എണ്ണ ചോർച്ച ഭീഷണിയാണ്. അടുത്തിടെയുണ്ടായ മൊറീഷ്യസ് എണ്ണ ചോർച്ചയിൽ 39 ഡോൾഫിനുകൾക്കും മൂന്ന് തിമിംഗലങ്ങൾക്കും ജീവൻ നഷ്ടപ്പെടുകയും അനേകം ഡോൾഫിനുകൾക്കും തിമിംഗലങ്ങൾക്കും ദുരിതം അനുഭവിക്കേണ്ടി വരുകയും ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
(ബഹ്റൈനിൽ പക്ഷികളും അവയുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുകയാണ് ലേഖിക. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശിനിയാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.