മനാമ: സ്ത്രീ ശാക്തീകരണത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂർ പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ നിർദേശങ്ങൾക്കനുസരിച്ച് മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാജ്യം മാതൃകാപരമായ നേട്ടങ്ങൾ കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എസ്.സി.ഡബ്ല്യു പ്രസിഡന്റ് പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിൽ സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്.സി.ഡബ്ല്യു) ഇക്കാര്യത്തിൽ നിർണായക പങ്കുവഹിച്ചു. ഗാർഹിക പീഡനങ്ങളിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിന് എല്ലാ അതോറിറ്റികളുമായും സഹകരിച്ച് കാര്യങ്ങൾ നടപ്പാക്കുന്നു.
അവകാശങ്ങൾ സംബന്ധിച്ച ബോധവത്കരണത്തിലൂടെ എല്ലാതരം അക്രമങ്ങളെയും ചെറുക്കുന്നതിന് ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സമൂഹത്തിൽ അവബോധം വളർത്താൻ കഴിഞ്ഞു. സമഗ്ര വികസന പ്രക്രിയയിൽ പങ്കാളികളാകാൻ രാജ്യം സ്വീകരിച്ച നടപടികൾ മന്ത്രി ചൂണ്ടിക്കാട്ടി. ലിംഗസമത്വം കൈവരിക്കുകയും സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുകയും രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.
ഗാർഹിക പീഡനത്തിന് വിധേയരാകുന്ന സ്ത്രീകളെ സംരക്ഷിക്കാനായി ‘ദാർ അൽ-അമാൻ’ സംരക്ഷണ കേന്ദ്രം ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ഉദ്യോഗസ്ഥ, സിവിൽ, സ്വകാര്യ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് അഭയവും സാമൂഹിക പരിചരണ സേവനങ്ങളും നൽകാനുള്ള സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.